കോഴിക്കോട്: ലോക്ക് ഡൗൺ കഴിഞ്ഞാലും പൊതുഗതാഗതത്തിന്റെ കാര്യത്തിൽ കർശന നിയന്ത്രണം തുടർന്നേക്കാമെന്ന സാഹചര്യത്തിൽ റെയിൽവേ ഓൺ ലൈൻ ബുക്കിംഗ് നിറുത്തി. മേയ് മൂന്നിനു ശേഷമുള്ള ദിവസങ്ങളിലേക്ക് തത്കാലം ബുക്കിംഗ് വേണ്ടെന്നു റെയിൽവേ തീരുമാനിക്കുകയായിരുന്നു.
മൂന്നാഴ്ചത്തെ ലോക്ക് ഡൗൺ തീരുന്നതോടെ തന്നെ ട്രെയിൻ സർവീസ് പുന:രാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ഏപ്രിൽ ഒന്നിന് ഓൺ ലൈൻ ബുക്കിംഗ് തുടങ്ങിയതാണ്. ഇതിനിടയ്ക്ക് 39 ലക്ഷം ടിക്കറ്റാണ് ഇങ്ങനെ ബുക്ക് ചെയ്തത്. എന്നാൽ ലോക്ക് ഡൗൺ മേയ് മൂന്നു വരെ നീട്ടിയതോടെ ബുക്കിംഗ് നിറുത്തുകയായിരുന്നു.
ഓൺ ലൈൻ വഴി ടിക്കറ്റെടുത്തവർക്കെല്ലാം പണം തിരിച്ചുനൽകാൻ തുടങ്ങിയിട്ടുണ്ട്. നേരത്തെ കൗണ്ടർ റിസർവേഷനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തുക തിരിച്ച് കിട്ടാൻ ജൂലായ് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. മാർച്ച് 24 ന് അർദ്ധരാത്രിയോടെ രാജ്യത്തെ 15,523 ട്രെയിനുകളാണ് സർവീസ് നിറുത്തിവച്ചത്.