കോഴിക്കോട്: ജില്ലയിൽ 60 വയസിന് മുകളിൽ പ്രായമുള്ള 1665 പട്ടികവർഗ കുടുംബങ്ങൾക്കും കിടപ്പ് രോഗികൾക്കും പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു. വകുപ്പിന്റെ കിറ്റു വിതരണം കോഴിക്കോട്ടാണ് ആദ്യം പൂർത്തിയാക്കിയത്.
ജില്ലയിലെ 3849 പട്ടികവർഗ കുടുംബങ്ങൾക്കുള്ള സൗജന്യ റേഷന്റെയും പലവ്യഞ്ജന കിറ്റിന്റെയും വിതരണം തുടരുകയാണ്. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും കിറ്റുകളെത്തിക്കുന്നതിന് ഓരോ പഞ്ചായത്തിലെയും വാർഡ് മെമ്പർ, എസ്.ടി പ്രൊമോട്ടർ, പഞ്ചായത്തുതല ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന വെൽഫെയർ കമ്മിറ്റി രൂപീകരിച്ചു. വെൽഫെയർ കമ്മിറ്റിയുടെ നോഡൽ ഓഫീസർ ്രൈടബൽ എക്‌സ്റ്റൻഷൻ ഓഫീസറാണ്. ജില്ലാ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസറാണ് എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത്.
കൂടാതെ ഗ്രാമപഞ്ചായത്തിലൂടെ പട്ടികവർഗ കുടുംബങ്ങൾക്ക് സൗജന്യ പച്ചക്കറിക്കിറ്റും വിതരണം ചെയ്യുന്നുണ്ട്. പിന്നാക്കം നിൽക്കുന്ന പട്ടികവർഗ കുടുംബങ്ങൾക്കായി ജില്ലാ കളക്ടർ മുൻകൈയെടുത്ത് സ്‌പോൺസർമാരെ കണ്ടെത്തി 1000 ഭക്ഷ്യധാന്യക്കിറ്റുകൾ തയ്യാറാക്കി.
എസ്.ടി പ്രൊമോട്ടർമാർ, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, മൊബൈൽ മെഡിക്കൽ യൂണിറ്റ് തുടങ്ങിയവർ ചേർന്ന് പട്ടികവർഗ കോളനികളിൽ കൊവിഡ് ബോധവത്കരണം നടത്തുന്നതായി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ അറിയിച്ചു. ജില്ലയിൽ 25 പട്ടികവർഗക്കാർ കൊവിഡ് നിരീക്ഷണത്തിൽ വീടുകളിലുണ്ട്.