കൽപ്പറ്റ: കൊവിഡ് കുടിവെള്ള പദ്ധതികളെ പ്രതിസന്ധിയിലാക്കി. ജില്ലയിലെ പനമരം, ഇടവക, വെള്ളമുണ്ട, നെൻമേനി, പുൽപ്പള്ളി, പൂതാടി, തൊണ്ടർനാട്, തവിഞ്ഞാൽ, കോട്ടത്തറ കണിയാമ്പറ്റ, തിരുനെല്ലി, നൂൽപ്പുഴ, പൊഴുതന എന്നീ ഗ്രാമപഞ്ചായത്തുകളിൽ ജലനിധി പദ്ധതിയിലൂടെ 35000 ഓളം കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം നടത്തുന്ന ജനകീയ സമിതികൾ കൊവിഡ് മൂലം തുടർനടത്തിപ്പിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം നേരിടുന്ന സമയത്ത് പല സമിതികളും തുടർ പരിപാലനത്തിൽ സാമ്പത്തികപ്രയാസം അനുഭവിക്കുകയാണ്. ത്രിതല പഞ്ചായത്തുകളിൽ നിന്നും സർക്കാറിൽ നിന്നും സഹായം ലഭിക്കാത്തതും രണ്ടുതവണ ഉണ്ടായ കാലവർഷക്കെടുതികൾക്കു പുറമേ കൊവിഡ് വന്നതും പല കുടിവെള്ള സമിതികളെയും തകർച്ചയുടെ വക്കിലാക്കി. വെള്ളക്കരം പിരിക്കാൻ വീടുകൾ കയറിയിറങ്ങാനാവാത്തതും പകുതിയോളം കുടുംബങ്ങൾ വെള്ളക്കരം കുടിശ്ശിക വരുത്തുന്നതും, റിപ്പയർ ചിലവും വൈദ്യുതി ബില്ലും ക്രമാതീതമായി വർദ്ധിക്കുന്നതും സമിതികളെ പ്രതിസന്ധിയിലാക്കി.
ഗുണഭോക്താക്കൾ തന്നെ നടത്തിക്കൊണ്ടുപോകുന്ന ഇത്തരം കുടിവെള്ള സമിതികളെ സർക്കാർ ജലനിധി ഏജൻസികൾ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്ന് ശുദ്ധജലവിതരണ ഫെഡറേഷൻ ഓഫ് വയനാട് പ്രസിഡന്റ് ജോസ് വെമ്പള്ളി, സെക്രട്ടറി കുര്യൻ കരിപ്പായിൽ, ട്രഷറർ വിനോദ് തോട്ടത്തിൽ, ബിന്ദു നല്ലങ്കൽ, ബിജു നെൻമേനി, രാമകൃഷ്ണൻ പുൽപ്പള്ളി എന്നിവർ പറഞ്ഞു.