കൽപ്പറ്റ: സുൽത്താൻ ബത്തേരിയിൽ നിന്ന് കർണാടകയിലേക്ക് ജീവൻരക്ഷാ മരുന്ന് എത്തിച്ചു. ബംഗളുരുവിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് അടിയന്തിരമായി നൽകേണ്ട മരുന്ന് കർണാടകയിൽ എവിടെയും ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ ആ മരുന്ന് കേരളത്തിൽ നിന്ന് എത്തിച്ച് നൽകാമോ എന്ന അഭ്യർത്ഥനയുമായി തിരുവനന്തപുരത്തെ ചൈൽഡ് പ്രൊട്ടക്ഷൻ ടീം സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്തകുമാറിനെ ബന്ധപ്പെടുകയായിരുന്നു. വിവരം ലഭിച്ച ഉടൻ തന്നെ ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഇക്കാര്യം ആക്ഷൻഫോഴ്സ് ഗ്രൂപ്പിന്റെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് സി പി ടി സ്റ്റേറ്റ് സെക്രട്ടറി വിനോദ് അണിമംഗലത്ത് ഈ വിഷയത്തിൽ ഇടപെടുകയും സുൽത്താൻ ബത്തേരിയിൽ നിന്ന് മരുന്ന് വാങ്ങി ബംഗളുരുവിലേക്ക് പോകാൻ അനുമതി ലഭിച്ച വാഹനത്തിൽ മരുന്ന് കൊടുത്തു വിടുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ രോഗിയുടെ ബന്ധുക്കൾ മരുന്ന് കൈപ്പറ്റുകയും നന്ദി അറിയിക്കുകയും ചെയ്തു.