നരിക്കുനി: കൊവിഡിൽ നിന്ന് ഒരു നാടിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ് അക്ഷര സാംസ്‌ക്കാരിക വേദി പ്രവർത്തകർ. അവശ്യസാധനങ്ങളടക്കം വീടുകളിലെത്തിച്ച് ലോക്ക് ഡൗൺ പൂർണ്ണമായും നടപ്പാക്കി ഇവർ നാട്ടുകാരുടെ രക്ഷകരാവുന്നു.
നരിക്കുനി പഞ്ചായത്തിലെ 7,8,9 വാർഡുകളിലായി അക്ഷര സാംസ്‌ക്കാരിക വേദിയുടെ പ്രവർത്തന പരിധിയിൽ വരുന്ന പാറന്നൂർ പ്രദേശത്തെ 300 ഓളം വീടുകളെ 17 ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രവർത്തനം തുടങ്ങിയത്. ഒരു വീട്ടിൽ നിന്ന് ഒരാളെ ഉൾപ്പെടുത്തി 17 വാട്സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചു. ഈ ഗ്രൂപ്പുകളിലെ 20 വീടുകൾക്കായി രണ്ട് വീതം വളണ്ടിയർമാരെ നിയോഗിച്ചായിരുന്നു പ്രവർത്തനം. വീട്ടിലേക്കുവേണ്ട അവശ്യ ഭക്ഷ്യസാധനങ്ങൾ, മരുന്നുകൾ, ഭക്ഷണക്കിറ്റുകൾ, അന്യ സംസ്ഥാന തൊഴിലാളികൾക്കുള്ള ഭക്ഷണക്കിറ്റുകൾ തുടങ്ങിയവയെല്ലാം വീടുകളിൽ ഇവർ എത്തിച്ചു നൽകുന്നു. ബോധവത്ക്കരണ ലഘലേഖ, പച്ചക്കറി വിത്ത് എന്നിവയും വിതരണം ചെയ്തിട്ടുണ്ട്. നരിക്കുനി പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ പി.എം.വസന്തകുമാരി അടക്കമുള്ള 11 അംഗ സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രദേശത്തേക്ക് വരുന്നവരേയും നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങുന്നതും നിരീക്ഷിക്കാൻ പ്രത്യേക വളണ്ടിയർമാരും ഉണ്ട്. കൂടാതെ പച്ചക്കറി തോട്ട മത്സരം, വിനോദങ്ങൾക്കായി വാട്സ് ആപ്പ് ഗ്രൂപ്പ് എന്നിവയുമുണ്ട്. എല്ലാ ദിവസവും രാത്രി 9.30 മുതൽ ഓൺലൈൻ ക്വിസ് മത്സരവും നടന്നു വരുന്നു. മത്സര വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും,അക്ഷര ട്രോഫിയും വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.