ചേളന്നൂർ: തങ്ങൾക്ക് താങ്ങായി മാറിയ നാട്ടുകാർക്ക് മാസ്‌ക് നിർമ്മിച്ച് സൗജന്യമായി നൽകുകയാണ് മാണിക്യംകണ്ടിയിൽ സുധാകരൻ. മൂന്നു വർഷം മുമ്പ് വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായതോടെ മരപ്പണിക്കാരനായിരുന്ന സുധാകരൻ ചേളന്നൂർ ഒൻപതിൽ അങ്ങാടിയിൽ മൊബൈൽ റീചാർജിംഗ്, തയ്യൽ കടകൾ തുടങ്ങുകയായിരുന്നു. മരുതാട് ഗ്രാമസേവാസമിതിയ്ക്കാണ് മാസ്‌ക് നൽകുന്നത്. ഒപ്പം തന്റെ കടയിലെത്തുന്നവർക്കും സൗജന്യമായി തുണി മാസ്‌ക് നൽകുന്നുണ്ട്.
തന്നെ ജീവിതത്തിലേക്ക് മടങ്ങാൻ എല്ലാം മറന്ന് സഹായിച്ച നാട്ടുകാർക്ക് കൊവിഡ് കാലത്ത് കൈത്താങ്ങൊരുക്കേണ്ടത് കടമയാണെന്നാണ് സുധാകരന്റെ വിശ്വാസം. ജീവൻ പകുത്തു നൽകിയ ഭാര്യ പ്രസീത നിറഞ്ഞ മനസോടെ ഒപ്പമുള്ളതാണ് തന്റെ പ്രചോദനമെന്നും ബി.ജെ.പി മുൻ പഞ്ചായത്ത് പ്രസിഡന്റും ചേളന്നൂർ ശിവക്ഷേത്രം ഭാരവാഹിയുമായ സുധാകരൻ പറയുന്നു.