സുൽത്താൻ ബത്തേരി: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുമായി ഇറങ്ങിയ മെഡിക്കൽ ടീമാണെന്ന് തെറ്റിദ്ധരിപ്പിച്ച് യാത്രചെയ്ത സംഘത്തെ നൂൽപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശികളായ രണ്ട് പേരും ആലപ്പുഴ,കോട്ടയം സ്വദേശികളായ ഓരോരുത്തരുമണ് വിഷുദിനത്തിൽ പഴൂരിൽ വെച്ച് പോലീസിന്റെ പിടിയിലായത്. കൊറോണ മെഡിക്കൽ ടീം എന്ന സ്റ്റിക്കർ പതിപ്പിച്ച് ഇവർ സഞ്ചരിച്ച ബൊലോറ ജീപ്പും കസ്റ്റഡിയിലെടുത്തു.
വ്യാജ മെഡിക്കൽ സംഘത്തെ പൊലീസ് ബത്തേരിയിലെ പ്രത്യേക നിരീഷണകേന്ദ്രത്തിലേക്ക് മാറ്റി.
പത്തനംതിട്ട സ്വദേശികളായ വിൽസൺ (38), സജിമോൻ (51), ആലപ്പുഴ സ്വദേശി ജോൺ (35), കോട്ടയം സ്വദേശി ജേക്കബ് (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട് നീലഗിരിയിലുള്ള ബന്ധുവിനെ നാട്ടിലേക്ക് ചികിൽസയ്ക്കായി കൊണ്ടുപോകുന്നതിനായി എത്തിയതാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. നീലഗിരിയിൽപോയി ബന്ധുവുമായി തിരികെ വരും വഴി പഴൂരിൽ വെച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്.
പൊലീസ് ചോദ്യം ചെയ്തപ്പോൾ കൊവിഡ് മെഡിക്കൽ ടീമാണെന്ന് പറഞ്ഞ സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്തതോടെ പറഞ്ഞത് വ്യാജമാണെന്ന് ബോധ്യമായി.
ഇവർ സഞ്ചരിച്ച വാഹനം പത്തനംതിട്ടയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓടിയതായി കണ്ടെത്തി. ഇവരോടൊപ്പമുണ്ടായിരുന്ന രോഗിയെ ബത്തേരി താലൂക്ക് ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം നിരീക്ഷണകേന്ദ്രത്തിൽ സംഘത്തോടൊപ്പം തന്നെ താമസിപ്പിച്ചു.
നൂൽപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ പി.എ.ഫൈസൽ, സബ്ബ് ഇൻസ്‌പെക്ടർ ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധന നടത്തിയത്.
സംഘം പിടിയിലായത് സ്റ്റേഷന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടൻ
സുൽത്താൻ ബത്തേരി: വയനാട് ജില്ലയിലെ പതിനേഴാമത്തെ പൊലീസ് സ്റ്റേഷനായി വിഷുദിനത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട നൂൽപ്പുഴ പൊലീസ് സ്റ്റേഷനിൽ ആദ്യം പിടിയിലായത് വ്യാജ മെഡിക്കൽ സംഘം. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകികൊണ്ടായിരിക്കും പുതിയ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കർണാടക,തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കർണാടകയിലും തമിഴ്നാട്ടിലും കൊവിഡ് 19 വൈറസ് കൂടുതൽ പേരിലേക്ക് വ്യാപിച്ചതോടെ കേരള അതിർത്തിയിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. ഇതുവരെ ബത്തേരി സ്റ്റേഷൻ പരിധിയിലായിരുന്നു രണ്ട് സംസ്ഥാനങ്ങളുടെയും അതിർത്തി പ്രദേശങ്ങൾ.