കൽപ്പറ്റ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 424 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 9097 ആയി. ഇതിൽ കോവിഡ് 19 സ്ഥിരീകരിച്ച ഒരാൾ ഉൾപ്പെടെ 6 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം മുഴുവൻ ലഭിച്ചിട്ടുണ്ട്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 1314 വാഹനങ്ങളിലായി 2053 ആളുകളെ പരിശോധിച്ചതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
57 വിദേശികളാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.
ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ പൊതുഇടങ്ങളിൽ ജനങ്ങൾ ഇറങ്ങുന്നത് ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
26 പഞ്ചായത്തുകളിലായി 28 കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം നൽകുന്നുണ്ട്. ഇതിനകം 1015 പേർക്ക് സൗജന്യമായും 805 പേർക്കും സഹായ വിലയിലും ഭക്ഷണം നൽകി.
അതിർത്തിയിൽ കർശന നിയന്ത്രണം തുടരും
കൽപ്പറ്റ: പൊതുസമൂഹത്തിന്റെ ആരോഗ്യ സുസ്ഥിരത പരിഗണിച്ചാണ് കോവിഡ് രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി അതിർത്തി ചെക്‌പോസ്റ്റുകളിൽ തുടരുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
മൃതദേഹവുമായി വരുന്നവർക്കും, മരിച്ച വ്യക്തികളുടെ അടുത്ത ബന്ധുക്കൾക്കും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്നവർക്കുമാണ് നിയന്ത്രണത്തിൽ ഇളവുള്ളത്.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്നവർ യാത്ര തുടരുന്നതിന് മുമ്പ് തന്നെ ജില്ലാ കൺട്രോൾ റൂമിൽ ബന്ധപ്പെടേണ്ടതാണ്. 14 ദിവസം ക്വാറന്റൈൻ കഴിഞ്ഞാണ് ഇവർ സ്വദേശത്തേക്ക് മടങ്ങുന്നത്. അതിജാഗ്രതാ വിഭാഗത്തിൽപ്പെടുന്ന ഇവർ 14 ദിവസത്തെ നിരീക്ഷണ കാലാവധി കൂടി പൂർത്തിയാക്കേണ്ടതുണ്ട്. ഇവർ എത്തുന്ന വിവരം നേരത്തെ തന്നെ അറിയിക്കുകയാണെങ്കിൽ ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒരുക്കുവാൻ ജില്ലാ ഭരണകൂടത്തിന് സാധിക്കും. അതിർത്തി ചെക്‌പോസ്റ്റ് കടന്നാൽ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി എവിടെയെങ്കിലും വാഹനം നിർത്തുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.
മരണശയ്യയിൽ കിടക്കുന്നവരെ സന്ദർശിക്കാൻ എത്തുന്നവർ അതാത് ജില്ലാ കളക്ടർമാരിൽ നിന്ന് അനുമതി പത്രം വാങ്ങണം.