കുറ്റ്യാടി: ഒരു നിമിഷത്തെ ചിന്തയും മൂന്നു മാസത്തെ പ്രയത്നവും മരുതോങ്കര, ചെറിയനാട് കാണിമ്മൽ അശോകനും ഭാര്യ സിനിയ്‌ക്കും സമ്മാനിച്ചത് വറ്റാത്ത കിണറെന്ന സ്വപ്ന സാക്ഷാത്കാരം. പൂർത്തിയാകാത്ത തന്റെ വീടിന് സമീപത്താണ് അശോകൻ കിണർ കുഴിച്ചത്. സ്വന്തമായി കിണർ കുഴിച്ചാലോ എന്ന് അശോകൻ ചോദിച്ചെങ്കിലും സിനി അത് കാര്യമാക്കിയില്ല. പക്ഷേ, ജനുവരി 12ന് രാവിലെ അശോകൻ സിനിയെ ഞെട്ടിച്ചു.
കിണറു പണി അറിയാത്ത അശോകൻ തനിക്കറിയാവുന്ന സാങ്കേതിക വിദ്യയിലൂടെ കിണറിന് കുറ്റിയിട്ടു. തുടർന്ന് കിണർ കുഴിക്കലും തുടങ്ങി. അതോടെയാണ് സംഗതി കാര്യമാണെന്ന് സിനിയ്‌ക്ക് മനസിലായത്. തുടർന്ന് ഇരുവരും ചേർന്ന് കിണർ പണി തുടങ്ങി.
കളക്ടറേറ്റിലെ സ്വാഭിമാൻ സോഷ്യൽ സർവീസ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയിൽ തെങ്ങുകയറ്റ തൊഴിലാളിയായ അശോകൻ എന്നും ജോലി കഴിഞ്ഞെത്തിയ ശേഷം വൈകിട്ട് നാലര മുതൽ ആറര വരെയാണ് കിണർ കുഴിച്ചത്. ഏഴര മീറ്റർ ആഴവും രണ്ട് മീറ്റർ വീതിയും പതിമൂന്ന് പടവുമുള്ള കിണറാണ് കുഴിച്ചത്. ലോക്ക് ഡൗൺ ദിവസങ്ങളിലും കുഴിക്കൽ തുടർന്നു.
അശോകൻ മണ്ണ് വെട്ടി കൂടയിലാക്കി ഉത്തോലക രീതിയിൽ കിണറ്റിൽ നിന്ന് തന്നെ കയറ് വലിച്ച് മുകളിലെത്തിക്കും. തുടർന്ന് സിനി കൂട പിടിച്ചെടുത്ത് മണ്ണ് പുറത്തേക്കിടും. ചില സമയങ്ങളിൽ പ്ലസ്ടു വിദ്യാർത്ഥിനിയായ മകൾ അമയയും സഹായിക്കാനെത്തും. മാർച്ച് 31ന് രാത്രി എട്ടിന് കിണറ്റിൽ നീരുറവ കണ്ടു. കിണറിൽ ജലസാന്നിദ്ധ്യം കണ്ട ഉടൻ വിവരം മുഴുവൻ സ്‌നേഹിതരേയും അശോകൻ വിളിച്ചറിയിച്ചു.
മഴ കുറവുള്ള മാസങ്ങളിൽ കിണർ കുഴിക്കുന്നതാണ് ഉത്തമമെന്നും, ഈ കാലത്ത് നിർമ്മിക്കുന്ന വറ്റില്ലെന്നും കേട്ടിട്ടുണ്ടെവ്വ് അശോകൻ പറഞ്ഞു. അത് തന്നെയായിരുന്നു ഊർജ്ജവും. പ്രദേശത്തെ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ മുൻനിരക്കാരിയാണ് ഭാര്യ സിനി. ദമ്പതികൾ കുഴിച്ച കിണർ കാണാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്. വരുന്നവരോട് നിത്യ അഭ്യാസിക്ക് ആനയേയും എടുക്കാം എന്ന സന്ദേശമാണ് അശോകനും കുടുംബവും നൽകുന്നത്.