കോഴിക്കോട്: കൊവിഡ് - 19 ബാധിച്ചവരിൽ രണ്ടു പേർ കൂടി രോഗമുക്തരായി. നല്ലളം, കായക്കൊടി സ്വദേശികളാണ് അസുഖം ഭേദമായി ഇന്നലെ ആശുപത്രി വിട്ടത്. ഏഴു കോഴിക്കോട് സ്വദേശികളും രണ്ടു കണ്ണൂരുകാരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നുണ്ട്.
വൈറസ് ബാധിച്ച കോഴിക്കോട് ജില്ലക്കാരായ 16 പേരിൽ 9 പേരും ഇതര ജില്ലക്കാരായ 4 പേരിൽ 2 പേരും ഇതിനകം രോഗമുക്തരായെന്നത് ഏറെ ആത്മവിശ്വാസമേകുന്നുണ്ടെന്ന് ഡി.എം.ഒ ഡോ.വി. ജയശ്രീ പറഞ്ഞു. ഇന്നലെ 2,113 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരുടെ എണ്ണം 8566 ആയി. ഇന്നലെ പുതുതായി നിരീക്ഷണത്തിൽ വന്ന 46 പേർ ഉൾപ്പെടെ 14,173 പേർ ഇപ്പോൾ നിരീക്ഷണത്തിൽ തുടരുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതുതായി വന്ന 4 പേർ ഉൾപ്പെടെ ആകെ 24 പേരുണ്ട്. 11 പേരെ ഡിസ്ചാർജ്ജ് ചെയ്തു.
ഇന്നലെ 14 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 570 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 552 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 532 എണ്ണം നെഗറ്റീവാണ്. 18 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ആരോഗ്യവകുപ്പ് ഡയരക്ടർ വീഡിയോ കോൺഫറൻസിംഗിലൂടെ ഇന്നലെയും ജില്ലാ കൊറോണ കൺട്രോൾ സെല്ലിന്റെ പ്രവർത്തനം വിലയിരുത്തി. ജില്ലാ കളക്ടർ വീഡിയോ സൂം കോൺഫറൻസിംഗിലൂടെ പഞ്ചായത്ത്തല ജാഗ്രതാ സമിതികളുടെ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.
കഴിഞ്ഞ ദിവസം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത അഴിയൂർ, എടച്ചേരി ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്ത്‌വാർഡ് തല ജാഗ്രതാസമിതി യോഗം ചേർന്ന് പ്രതിരോധം ശക്തമാക്കി. പ്രദേശത്ത് മൈക്ക് പ്രചാരണത്തിനു പുറമെ ആരോഗ്യ പ്രവർത്തകരും വളണ്ടിയർമാരും വീടുകൾ സന്ദർശിച്ച് ലഘുലേഖ വിതരണം ചെയ്തു.
മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ 5 പേർക്ക് ഇന്നലെ കൗൺസിലിംഗ് നൽകി.
ഇന്നലെ 2,479 സന്നദ്ധസേന പ്രവർത്തകർ 4,044 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി. സോഷ്യൽ മീഡിയയിലൂടെ ബോധവത്കരണം തുടരുന്നുണ്ട്.