കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ ചൂരണി റോഡിന് സമീപത്തെ കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. മാവ്, കവുങ്ങ് തുടങ്ങിയ വിളകളാണ്‌ നശിപ്പിച്ചത്. മണ്ണാംപറമ്പിൽ സാബു, പെരുംമ്പള്ളി ആന്റണി, പാലക്കാട്ട് ടോമി, ഹംസ എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആന ഇറങ്ങിയത്. കാട്ടാനകളുടെ ശല്യം കാരണം ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായിരിക്കുന്നത്. പ്രദേശത്തെ ഒരു വൈദ്യുതി തൂണിൽ കവുങ്ങ് വീണതിനെ തുടർന്ന് വൈദ്യുതിയും നിലച്ചു. കാട്ടാനകളെ തുരത്താൻ പടക്കം പൊട്ടിക്കുന്നതൊഴിച്ചാൽ അധികൃതരുടെ ഭാഗത്തുനിന്ന് മറ്റൊരു നടപടിയും ഉണ്ടാവുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പക്രംതളം മുതൽ തെക്കെ ചുരണി വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്തിൽ സോളാർ കമ്പി വേലി സ്ഥാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം.