വടകര: വടകര ആലക്കൽ റസിഡൻസി ബിൽഡിംഗിൽ പ്രത്യേക ഐസൊലേഷൻ വാർഡുകൾ സജ്ജമായി. പരേതനായ ആലക്കൽ മൂസ ഹാജിയുടെ ഭാര്യയുടെയും മക്കളുടെയും ഉടമസ്ഥതയിലുള്ളതാണ് ആലക്കൽ റസിഡൻസി. നാട്ടിലെത്തുന്ന പ്രവാസികളെ താമസിപ്പിക്കാൻ റെസിഡൻസി നൽകാനായിരുന്നു മാനേജ്‌മെന്റിന്റെ തീരുമാനം. എന്നാൽ പ്രവാസികളുടെ മടക്കം അനിശ്ചിതത്വത്തിലായതോടെ വടകര മേഖലയിലെ സർക്കാരിന്റെ കൊവിഡ് ഐസൊലേഷൻ സെന്ററാക്കുകയായിരുന്നു. അഴിയൂർ, എടച്ചേരി എന്നിവിടങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലുള്ളവരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. ആയുർവേദ ഡോക്ടർ അബ്ദുൽ റസാഖ് ആലക്കലാണ് റെസിഡൻസിയുടെ മാനേജർ. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വടകര ഏരിയ സെക്രട്ടറി എന്ന നിലയിൽ ഡോ.റസാഖ് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എ.എം.എ.ഐ ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കുന്ന 'കൂടെ' ടെലി കൗൺസലിംഗ്, വൈദ്യ സ്പർശം ഓൺലൈൻ കൺസൾട്ടേഷൻ എന്നിവയുടെ വടകര കോ ഓഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു. കണ്ണൂർ ഇ.എസ്.ഐ ഡിസ്പെൻസറിയിൽ അസി.ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ കൂടിയാണ് ഇദ്ദേഹം.