covid

എടച്ചേരി / വടകര: കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ എടച്ചേരി പഞ്ചായത്തിലെ 16-ാം വാർഡിലും അഴിയൂർ പഞ്ചായത്തിലെ4, 5 വാർഡുകളിലും പഴുതടച്ച നിയന്ത്രണം ഉറപ്പാക്കാൻ ജില്ലാ കളക്ടർ സാംബശിവ റാവു ഉത്തരവിറക്കി. ഈ വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. ഇവിടങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. രണ്ടു പഞ്ചായത്തിലും വൈറസ് ബാധ സ്ഥീരികരിച്ച സാഹചര്യത്തിൽ രോഗം കൂടുതൽ പേരിലേക്ക് പകരാതിരിക്കാനും രോഗീസമ്പർക്കത്തിലുള്ളവർ സമൂഹത്തിലെ മറ്റുള്ളവരുമായി ഇടപെടുന്നത് തടയാനുമാണ് കർശന നിയന്ത്രണം. അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല. അടിയന്തിര വൈദ്യസഹായത്തിനല്ലാതെ വാർഡിന് പുറത്തേക്ക് പോവാനാവില്ല. അവശ്യ വസ്തുക്കൾ കച്ചവടം ചെയ്യുന്ന കടകൾ രാവിലെ എട്ട് മുതൽ 11 വരെയും പൊതുവിതരണ സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ രണ്ട് വരെയും മാത്രമേ പ്രവർത്തിക്കാവൂ. പുറത്ത് ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണവും ഈ വാർഡുകളിൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് പാലിക്കാത്തവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 188, 269 പ്രകാരം കർശന നടപടി സ്വീകരിക്കും.

 എടച്ചേരിയിൽ ഗതാഗത നിരോധനം ഏർപ്പെടുത്തിയ റോഡുകൾ:

1. എടച്ചേരി - പുതിയങ്ങാടി റോഡ് (1.5 കി.മി) 2. പൂമാക്കൂൽ - തയ്യിൽപാലം റോഡ് 3. പരിത്തികണ്ടി മുക്ക് - കൊളങ്ങരത്ത് (തെക്കേമുക്ക് )റോഡ് 4. ഓഞ്ഞാൽ മുക്ക് - കെട്ടുങ്ങൽ പള്ളി റോഡ് 5. ചന്ദ്രൻ സ്മാരകം - കണ്ണൻകുറ്റി മുക്ക് റോഡ് 6. പുനത്തിൽപീടിക - കോറോത്ത് മുക്ക് റോഡ് 7. ചെട്ട്യാൻ വീട് മുക്ക് - ചുണ്ടേൽ തെരുവ് റോഡ് 8. തോട്ടത്തിൽ മുക്ക് - കഞ്ചന്റവിട റോഡ്

മാഹിയിൽ കൊവിഡ് ബാധിതനായി മരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടികയിലുള്ള അഴിയൂർ ഗ്രാമ പഞ്ചായത്ത് നിവാസിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മാഹി അതിർത്തിയുമായി ബന്ധപ്പെടുന്ന ഏഴു സ്ഥലങ്ങൾ അടച്ച് പൊലീസ് - റവന്യൂ ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കലക്ടർ ടി. ജനിൽകുമാർ സ്ഥിതിഗതികൾ വിലയിരുത്തി. 4, 5 വാർഡുകളിൽ രാവിലെ എട്ട് മണി മുതൽ 11 മണി വരെ മാത്രമെ കടകൾ തുറക്കാൻ പാടുള്ളു. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മറ്റു വാർഡുകളിൽ രണ്ടു മണി വരെ പ്രവർത്തിക്കാൻ അനുവദിക്കും.

ജനങ്ങൾ പുറത്തിറങ്ങുന്നത് പൂർണമായും നിയന്ത്രിക്കും. പൊതുപ്രവേശന മാർഗങ്ങളിൽ പൊലീസിന്റെ കർശന പരിശോധന ഉണ്ടാകും.

ഏപ്രിൽ 20 വരെ നിയന്ത്രണങ്ങൾ കർശനമായി തുടരാൻ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. അഴിയൂരിൽ നിന്നു 20 പേരെ ഐസൊലെഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എല്ലാവരുടെയും സ്രവ സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. നിലവിൽ 132 പേർ വീടുകൾ നിരീക്ഷണത്തിലാണ്.