രാമനാട്ടുകര: രാമനാട്ടുകര മാർക്കറ്റിലും വൈദ്യരങ്ങാടിയിലും ഭക്ഷ്യസുരക്ഷാ വിഭാഗവും രാമനാട്ടുകര നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ വൈദ്യരങ്ങാടി 11ാം മൈലിൽ വിൽപ്പന നടത്തുകയായിരുന്ന 20 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. രാമനാട്ടുകര നഗരസഭ പരിധിയിൽ പഴകിയ മത്സ്യവിൽപ്പന വ്യാപകമാകുന്നുണ്ടെന്ന പരാതിയെ തുടർന്ന് ചെയർമാൻ വാഴയിൽ ബാലകൃഷ്ണന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ രാമനാട്ടുകര നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.പി.സുരേഷ്ബാബു, ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ ഡോ.ജോസഫ് കുര്യാക്കോസ് , ഡോ.വിഷ്ണു ഷാജി , സി.എ.വിമൽ, നഗരസഭ ജെ .എച്ച്.ഐമാരായ ഇ.രൂപേഷ്, അരുൺ വർഗീസ് എന്നിവർ പങ്കെടുത്തു. പരിശോധന അടുത്ത ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.