സുൽത്താൻ ബത്തേരി: ബംഗളുരുവിൽ നിന്ന് സ്വദേശമായ കണ്ണൂരിലേക്ക് പുറപ്പെട്ട് വഴിമധ്യേ മുത്തങ്ങയിൽ കുടുങ്ങിയ ഗർഭിണിയും മകളും കണ്ണൂരിലെത്തി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇടപെട്ടതിനെ തുടർന്നാണ് ഇവർക്ക് വയനാട് വഴി യാത്ര ചെയ്യാൻ അനുമതി ലഭിച്ചത്.
ബംഗളുരുവിൽ നിന്ന് ബന്ധുക്കളോടൊപ്പം വിഷുതലേന്നാണ് ഇവർ കേരള അതിർത്തിയായ മുത്തങ്ങയിൽ എത്തിയത്. ജില്ലയിലേക്ക് ആരേയും കടത്തിവിടേണ്ടെന്ന കർശന നിർദേശമുള്ളതിനാൽ ഇവരെ അതിർത്തിയിൽ തടയുകയായിരുന്നു.
മുത്തങ്ങയിൽ തടഞ്ഞതോടെ ഇവർ തിരികെ രാത്രി ഗുണ്ടൽപേട്ടയിൽ തങ്ങുകയായിരുന്നു. കർണാടകയിൽനിന്ന് പൊലീസിന്റെ യാത്രാപാസുമായാണ് ഇവർ കണ്ണൂരിലേക്ക് പുറപ്പെട്ടത്. ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ കേരളത്തിലേക്ക് ആരെയും കടത്തിവിടുകയില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുകയും പ്രശ്നം മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവതിക്ക് ജില്ലയിലേക്ക് പ്രവേശനാനുമതി നൽകി. റവന്യു,പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതർ അതിർത്തിയിലെ മൂലഹള്ള ചെക്ക്‌പോസ്റ്റിലെത്തി ആംബുലൻസിൽ യുവതിയെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചതോടെ ഗർഭിണിയേയും കുട്ടിയേയും കണ്ണൂരിൽ എത്തിക്കുന്നതിന് അനുവാദം ലഭിച്ചു.
ഗർഭിണിയേയും കുട്ടിയേയും ആംബുലൻസിൽ ആരോഗ്യപ്രവർത്തകരുടെയും പൊലീസിന്റെയും അകമ്പടിയോടെ കണ്ണൂർ ജില്ലാ അതിർത്തിയായ പേര്യയിൽ എത്തിക്കുകയും അവിടെ നിന്ന് കണ്ണൂരിലെ ആരോഗ്യപ്രവർത്തകർ ഇരുവരെയും കണ്ണൂരിലെത്തിക്കുകയുമായിരുന്നു.
അതേസമയം ഗർഭിണിയുടെ കൂടെ വന്നവർക്ക് കേരളത്തിലേക്ക് പ്രവേശിക്കാനാവാതെ തിരിച്ച് പോകേണ്ടി വന്നു. പൂർണഗർഭിണിയായ യുവതിയെ പ്രത്യേക നിരീഷണ കേന്ദ്രത്തിലാണ് താമസിപ്പിക്കുക.