കോഴിക്കോട്: കോർപ്പറേഷൻ പരിധിയിൽ ആഴ്ചവട്ടം, പറയഞ്ചേരി, മാവൂർ റോഡ് എന്നിവിടങ്ങളിലെ കമ്മ്യുണിറ്റി കിച്ചൺ ഏപ്രിൽ 17 മുതൽ നിറുത്താൻ മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു.
അർഹതയുള്ളവർക്ക് മാത്രം കമ്മ്യുണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം നൽകിയാൽ മതിയെന്നാണ് തീരുമാനം. കൗൺസിലർമാരുടെ സർട്ടിഫിക്കറ്റ് ഇല്ലാതെ ആർക്കും ഭക്ഷണപ്പൊതി വിതരണം ചെയ്യില്ല.
കിച്ചണുമായി ഇപ്പോൾ സഹകരിക്കുന്ന എൻ.ജി.ഒ സംഘടനകൾക്ക് പുറമെ കൂടുതൽ കൂട്ടായ്മകളെ സഹകരിപ്പിക്കാനും യോഗം തീരുമാനിച്ചു.
കൊളത്തറ, പയ്യാനക്കൽ ഭാഗങ്ങളിൽ കൊവിഡ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളിൽ പൊലീസിനൊപ്പം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ കൂടി പങ്കാളികളാക്കാനും യോഗം തീരുമാനിച്ചു.
മേയർ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ രാഘവൻ എം.പി, എ.പ്രദീപ്കുമാർ എം.എൽ.എ, ഡെപ്യൂട്ടി മേയർ മീരാ ദർശക് എന്നിവർക്കു പുറമെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ , കോർപ്പറേഷൻ സെക്രട്ടറി, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.