medicines

മുക്കം: ഫയർസ്റ്റേഷൻ ഓഫീസറുടെ പരിശ്രമവും സൈനികന്റെ അർപ്പണബോധവും ഇഴചേർന്നതോടെ ലോക്ക് ഡൗൺ കാലത്തും മഹാനഗരത്തിൽ നിന്ന് കാൻസർ രോഗിയുടെ മരുന്ന് വീട്ടിലെത്തി. രക്താർബുദ രോഗിയായ മലപ്പുറം എടവണ്ണപ്പാറയിലെ ജവാദിനാണ് മുക്കം സ്വദേശിയായ മേജർ റിനൂപിന്റെ ഇടപെടലിൽ മുംബയിൽ നിന്ന് മരുന്നെത്തിയത്. ഈ മാസം അഞ്ചാം തിയ്യതി രാത്രി പത്തുമണിയോടെയാണ് ജവാദ് മുക്കം ഫയർസ്റ്റേഷനിലെ അസി.സ്റ്റേഷൻ ഓഫീസർ എൻ വിജയനെ വിളിച്ച് മുംബയിൽ നിന്ന് മരുന്നെത്തിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്നന്വേഷിക്കുന്നത്. കമ്മ്യൂണിറ്റി റെസ്ക്യു വളണ്ടിയർ മൻസൂർ വഴിയായിരുന്നു ഫയർ സ്റ്റേഷനിലേക്കുള്ള വിളി. കീമോ തെറാപ്പിക്ക് ഉപയോഗിക്കുന്ന സ്പ്രൈ സെൽ ഡസാറ്റിനാബ് 70 എംജി മരുന്നായിരുന്നു വേണ്ടത്. ലോക്ക് ഡൗണായതിനാൽ മുംബയിൽ നിന്ന് എടവണ്ണപ്പാറയിലേക്ക് എങ്ങിനെ മരുന്ന് എത്തിക്കും?. എങ്കിലും പരിശ്രമിക്കാമെന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ. അഗസ്ത്യൻ മുഴിയിലെ സന്നദ്ധ പ്രവർത്തകൻ റെനീഷ് നീലാംബരിയുമായി സ്റ്റേഷൻ ഓഫീസർ ബന്ധപ്പെട്ടു. ആർമി ഇൻഫെൻട്രി ബറ്റാലിയനിലെ മേജറും നാട്ടുകാരനുമായ റിനൂപിനെ ഇരുവരും വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. സഹായിക്കാമെന്ന് മേജർ. പക്ഷെ, ഉപയോഗിച്ച മരുന്നിന്റെ ബോട്ടിൽ കമ്പനിയിലെത്തിക്കണം. മേജർ ജവാദിനെ വിളിച്ച് മരുന്ന് കമ്പനിയുടെ പേരും വിലാസവും വാങ്ങി അതിനുള്ള ഏർപ്പാട് ചെയ്തു. മുംബയിൽ നിന്ന് എങ്ങിനെ മലപ്പുറത്തെത്തിക്കുമെന്നായി ആലോചന. കേരളത്തിലെ തപാൽ വകുപ്പിൽ ജോലിചെയ്യുന്ന ബൈജുവിനെ വിളിച്ചപ്പോൾ മുംബയ് ഹെഡ് പോസ്റ്റോഫീസിലെത്തിച്ചാൽ ചെന്നൈയിലെത്തിക്കാമെന്ന് പറഞ്ഞു . താനെയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള മുംബയിലെ ഹെഡ് പോസ്റ്റ് ഓഫീസിൽ മരുന്ന് എത്തിക്കലായി അടുത്ത വെല്ലുവിളി. അതിനായി അരുണാചൽ പ്രദേശിലെ ബൈക്ക് റൈഡേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ടു. നാലംഗ ബൈക്ക് സവാരിക്കാർ താനെയിലെ മരുന്ന് കമ്പനിയിലെത്തിയപ്പോഴാണ് 30 കിലോമീറ്റർ അകലെയുള്ള പരേൾ എന്ന സ്ഥലത്താണ് മരുന്ന് കിട്ടുകയെന്ന് അറിയുന്നത്. ലോക്ക് ഡൗൺ ആയതിനാൽ വൈകീട്ട് മൂന്നിന് മരുന്ന് വിതരണ കേന്ദ്രം അടയ്ക്കും. ഇതറിഞ്ഞ റിനൂപ് പരേളിലെ എസ്ഐയെ മരുന്ന് വിതരണ കേന്ദ്രത്തിലേക്ക് അയച്ചു. മരുന്നുമായി വരുന്നതുവരെ കാത്ത് പരേളിലെ തപാൽ ഓഫീസ് ജീവനക്കാരും കാത്തിരുന്നു. ഒടുവിൽ പരേളിലെ എസ്ഐ തന്നെ മരുന്ന് കവറിലാക്കി ജവാദിന്റെ മേൽവിലാസമെഴുതി തപാൽ ചാർജും നൽകി. മുംബയിൽ പോസ്റ്റ് ഓഫീസിന്റെ മൂന്നുദിവസത്തെ അവധിയിൽ കുടുങ്ങിയെങ്കിലും തിങ്കളാഴ്ച വൈകീട്ടോടെ മരുന്ന് വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് ജവാദ്.