disabled-students

കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് രക്ഷിതാക്കൾ തന്നെ തെറാപ്പി നൽകുന്നതിന് സാമൂഹിക നീതി വകുപ്പ് മാർഗരേഖ തയ്യാറാക്കി. 'വീട്ടിൽ ഒരു തെറാപ്പിസ്റ്റ് 'എന്ന പേരിൽ രണ്ട് ഭാഗങ്ങളായി കോഴിക്കോട് ഇംഹാൻസ് ആണ് മാർഗരേഖ തയ്യാറാക്കിയത്. പ്രായത്തിനും വളർച്ചയ്ക്കും അനുസരിച്ചുള്ള പരിശീലനങ്ങൾ മുടങ്ങുന്നത് കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് നടപടി.

പരീശിലന പരിപാടികൾ ഫോൺ കോൾ, വാട്സ് ആപ്പ്, വീഡിയോ, ഫോട്ടോ തുടങ്ങിയവയിലൂടെ മാതാപിതാക്കളിൽ എത്തിക്കും. രക്ഷിതാക്കളുമായി സോഷ്യൽ മീഡിയ വഴി ബന്ധപ്പെടുകയും സംശയങ്ങൾ ദുരീകരിക്കുകയും ചെയ്യും. വീട്ടിൽ പരിശീലനം നൽകുന്നതിന്റെ ഓഡിയോ-വീഡിയോ റിക്കോഡുകൾ തെറാപ്പിസ്റ്റിന് അയച്ചു കൊടുക്കും. ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി, സംസാര ഭാഷ വികാസത്തിലുള്ള പിന്നാക്കാവസ്ഥ, പെരുമാറ്റ പ്രശ്‌നങ്ങൾ, പഠന പ്രശ്‌നങ്ങൾ, സെറിബ്രൽ പാൾസി തുടങ്ങിയ പ്രശ്‌നങ്ങൾക്ക് ആവശ്യമായ ഫിസിയോതെറാപ്പി, ഒക്യൂപ്പേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയറൽ തെറാപ്പി, സ്‌പെഷ്യൽ എഡ്യൂക്കേഷൻ തുടങ്ങിയവയിൽ രക്ഷിതാക്കൾക്ക് പരിശീലനം നൽകും.