കോഴിക്കോട്: ലോക്ക് ഡൗൺ കാരണം നിറുത്തിയിട്ട വാഹനങ്ങൾ കേടാകുമോ എന്ന ആശങ്കയിലാണ് ഉടമകൾ. ബസ്, വാൻ, ഓട്ടോറിക്ഷ, സ്കൂൾ വാഹനങ്ങൾ തുടങ്ങിയവ നിറുത്തിയിട്ടത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. കെ.എസ്.ആർ.ടി.സി യും സമാന പ്രതിസന്ധിയിലാണ്. ഓടാതിരിക്കുന്നത് വാഹനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് മെക്കാനിക്കുകളും പറയുന്നു. നിറുത്തിയിടുന്നത് ബസിന്റെ ബാറ്ററി കേടാകാൻ കാരണമാകും. ഇടയ്‌ക്കിടെ സ്റ്റാർട്ടാക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. എന്നാൽ പല വാഹന ഉടമകൾക്കും ഇത് സാധിക്കുന്നുമില്ല.
വാഹനങ്ങൾ ഓടാതിരുന്നാൽ ബ്രേക്കിനും ടയറിനും കേടുപാടുണ്ടാകും. ടയറിൽ കാറ്റ് നിറയ്‌ക്കാനും കഴിയുന്നില്ല. കടുത്ത വെയിലിൽ ടയറുകൾക്ക് കേടുപാടുണ്ടാകുകയാണ്. തീരദേശങ്ങളിൽ നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കാണ് കൂടുതൽ കേടുപാടുണ്ടാകുന്നത്. പെട്ടന്നുള്ള ലോക്ക് ഡൗൺ കാരണം ബസുകളും വാനുകളും സുരക്ഷിത സ്ഥലങ്ങളിലെത്തിക്കാനും കഴിഞ്ഞില്ല. ഇവ പെട്രോൾ ബങ്കുകൾക്ക് സമീപത്തും മറ്റുമാണ് ഇപ്പോൾ നിറുത്തിയിട്ടിരിക്കുന്നത്.
പുതിയ ബാറ്ററിയ്‌ക്ക് 15,000 രൂപയാണ് വില. കൂടാതെ മറ്റ് ചെലവുകളും വേറെ. അതിനാൽ മൂന്ന് മാസത്തെ ടാക്‌സ്, ഇൻഷുറൻസ് എന്നിവ ഒഴിവാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ഇതു സംബന്ധിച്ച് ഗതാഗത മന്ത്രിക്കും ഇൻഷുറൻസ് റഗുലേറ്ററി ബോർഡിനും ഓൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു.
ട്രാവലറുൾപ്പെടെയുള്ള വാഹനങ്ങളുടെ ഉടമകളുടെ സ്ഥിതിയും കഷ്ടമാണ്. തൊഴിൽ ഇല്ലാതായതിനൊപ്പം വാഹനം നിറുത്തിയിടുന്നത് മൂലമുള്ള ചെലവും പലർക്കും താങ്ങാനാകില്ല. വായ്‌പകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവരുടെ ഭാവി ചോദ്യചിഹ്നമാണ്.
വീടുകളിലായതിനാൽ ഓട്ടോറിക്ഷകൾ സ്റ്റാർട്ടാക്കി ഇടാൻ സാധിക്കുന്നത് മാത്രാണ് മേഖലയിലെ തൊഴിലാളികളുടെ ആശ്വാസം. പൊതുഗതാഗതം പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് ഇതുവരെ കൃത്യമായ ധാരണയായിട്ടില്ല. വർക്ക് ഷോപ്പുകളും സ്‌പെയർ പാർട്സ് കടകളും ആഴ്‌ചയിൽ രണ്ട് ദിവസം തുറക്കുമെങ്കിലും കുറഞ്ഞ സമയം കൊണ്ട് കേടുപാടുകൾ പരിഹരിക്കാൻ സാധിക്കാത്തതിനാൽ ജോലി ഏറ്റെടുക്കാൻ പലരും തയ്യാറാകുന്നുമില്ല.
പ്രശ്‌നങ്ങൾ പലത്
നിറുത്തിയിട്ട വാഹനങ്ങളുടെ ടയറും ബാറ്ററിയും ബ്രേക്കും കേടാകുന്നു
കെ.എസ്.ആർ.ടി.സി ബസുകളും പ്രതിസന്ധിയിൽ
പുതിയ ബാറ്ററികളുടെ വില 15,000 രൂപ വരെ
മൂന്ന് മാസത്തെ ടാക്‌സ്, ഇൻഷുറൻസ് എന്നിവ ഒഴിവാക്കണമെന്ന് ഉടമകൾ
തീരദേശത്ത് നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് കൂടുതൽ കേടുപാട്