tyre-works

കൽപ്പറ്റ: കൊവിഡ് കാലത്ത് ഏറ്റവും ദുരിതത്തിലായ മേഖലകളിലൊന്നാണ് ടയർ തൊഴിൽ. അസംഘടിത തൊഴിൽ മേഖലയാണ് ടയർ തൊഴിലാളികളുടേത്. ഇവർക്ക് ക്ഷേമനിധിയോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല. ഇതുമൂലം ആയിരക്കണക്കിന് തൊഴിലാളികൾ അർദ്ധ പട്ടിണിയിലാണ്.

കേരളത്തിൽ രജിസ്റ്റർ ചെയ്ത ഇരുപതിനായിരത്തിലധികം ടയർ തൊഴിലാളികൾ ഉണ്ട്. പതിനായിരത്തോളം തൊഴിലാളികൾ രജിസ്റ്റർ ചെയ്യാതെയും ജോലിയെടുക്കുന്നുണ്ട്. നഗരങ്ങളിലും ഉൾപ്രദേശങ്ങളിലും ഉള്ള കടകൾ ആഴ്ചകളായി തുറക്കാറില്ല. ആഴ്ചയിൽ രണ്ടുദിവസം തുറക്കാൻ അനുമതി ഉണ്ടെങ്കിലും വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കുറവായതിനാൽ കാര്യമായ ജോലിയില്ല.

എത്തുന്ന വാഹനങ്ങളിൽ അധികവും സർക്കാർ വാഹനങ്ങളായതിനാൽ ജോലികൾ സേവനമായാണ് പല തൊഴിലാളികളും ചെയ്തുകൊടുക്കുന്നത്.

പതിറ്റാണ്ടുകളായി ടയർ പഞ്ചർ, റീസോളിങ് തുടങ്ങിയ ജോലികൾ മാത്രം ചെയ്യുന്നവരാണ് ഇവർ.

സംസ്ഥാന അടിസ്ഥാനത്തിൽ അടുത്തിടെ തൊഴിലാളികൾ ചേർന്ന് ഒരു സംഘടന രൂപീകരിച്ചെങ്കിലും ഒരു ക്ഷേമനിധിയിലും ഇവർ ഉൾപ്പെട്ടിട്ടില്ല. അതിനാൽ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും ലഭിക്കുന്നില്ല .

ടയർ തൊഴിലാളികളുടെ കാര്യത്തിൽ അടിയന്തരമായി സർക്കാർ ശ്രദ്ധ പതിയണമെന്ന് സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.

പലരും സ്വയംതൊഴിൽ പോലെയാണ് ജോലിയെടുക്കുന്നത്. എന്നാൽ സ്വയം തൊഴിൽ സംരംഭക മേഖലയിലും ഇവർ ഉൾപ്പെട്ടിട്ടില്ല. സംഘടന രാഷ്ട്രീയ പാർട്ടികൾക്ക് കീഴിൽ അല്ലാത്തതിനാൽ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയും സർക്കാരിന്റെ പിന്തുണയും ഇവർക്ക് ലഭിക്കുന്നില്ല.