കൽപ്പറ്റ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ നിന്ന് മറ്റു സംസ്ഥാനീളിലേക്കും മറ്റു ജില്ലകളിലേക്കും യാത്രചെയ്യാനുള്ള അനുമതിക്ക് അപേക്ഷ ഇമെയിൽ വഴി നൽകണം. അടുത്ത ബന്ധുവിന്റെ മരണം, അടിയന്തര ചികിൽസ ആവശ്യമുളളവർ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഗർഭിണികൾ എന്നിവർക്കാണ് യാത്രാനുമതി ലഭിക്കുക. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ പകർപ്പും ഉളളടക്കം ചെയ്യണം.
അന്തർ സംസ്ഥാന യാത്രയ്ക്ക് coronapasswayanad@gmail.com എന്ന വിലാസത്തിലും അന്തർജില്ലാ യാത്രകൾക്ക് അതത് താലൂക്ക് തഹസിൽദാർക്കുമാണ് അപേക്ഷ നൽകേണ്ടത്. വൈത്തിരി താലൂക്ക് coronapassvythiri@gmail.com, സുൽത്താൻ ബത്തേരി താലൂക്ക് tahsildar.sby@ gmail.com, മാനന്തവാടി താലൂക്ക് teocmntdy@gmail.com എന്നീ വിലാസങ്ങളിലാണ് അപേക്ഷ അയക്കേണ്ടത്.

മറ്റ് ജില്ലകളിൽ നിന്ന് വയനാട്ടിൽ എത്തിയവർ യാത്രയ്ക്കായി ജില്ലാ ഭരണകൂടത്തിൽ നിന്ന് അനുമതി തേടണം. വയനാട് ജില്ലയിലേക്ക് വരാൻ ഉദ്ദേശിക്കുന്നവർ നിലവിൽ എവിടെയാണോ ഉളളത് അവിടുത്തെ ജില്ലാ മേധാവിയിൽ നിന്നാണ് യാത്രാനുമതി നേടേണ്ടത്.

അനുമതിയില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. അവശ്യസാധനങ്ങൾ, അവശ്യ സർവ്വീസുകൾ എന്നിങ്ങനെ ഇളവ് അനുവദിച്ചിട്ടുളള വിഭാഗക്കാർക്ക് മുൻകൂർ അനുമതി ആവശ്യമില്ല.

വെന്റിലേറ്റർ സ്ഥാപിക്കുന്നതിന് ഭരണാനുമതി
കൽപ്പറ്റ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൽപ്പറ്റ ജനറൽ ആശുപത്രി, വൈത്തിരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ വെന്റിലേറ്റർ സ്ഥാപിക്കുന്നതിന് സി.കെ ശശീന്ദ്രൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവിടുന്നതിന് ഭരണാനുമതി ലഭിച്ചു.
സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിക്ക് എ.എൽ.എസ് വെന്റിലേറ്റർ, ഐ.സി.യു ആംബുലൻസ്, ആശുപത്രി ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവിടുന്നതിന് ഭരണാനുമതി ലഭിച്ചു.


മുളളൻകൊല്ലി നെച്ചുകണ്ടി റോഡിന് 50 ലക്ഷം
കൽപ്പറ്റ: ഒ.ആർ കേളു എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മുളളൻകൊല്ലി നെച്ചുകണ്ടി റോഡ് നിർമ്മാണത്തിന് 50 ലക്ഷം രൂപ ചെലവിടുന്നതിന് ഭരണാനുമതി നൽകി.

കരുതലും കാവലുമായി പൊലീസ് സേന
കൽപ്പറ്റ: ജില്ലയിൽ കൊവിഡ് 19 രോഗപ്രതിരോധത്തിൽ രാവും പകലും ജാഗ്രതയോടെ പൊലീസ് സേന. ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോയുടെ നേതൃത്വത്തിൽ ഒരു എ.എസ്.പി, എട്ട് ഡിവൈ.എസ്.പിമാർ, 18 ഇൻസ്‌പെക്ടർമാർ എന്നിവരടങ്ങിയ 1172 സേനാംഗങ്ങളാണ് ജില്ലയ്ക്ക് കാവലുറപ്പിക്കുന്നത്. 69 ഹോം ഗാർഡുകളും പൊലീസിനെ സഹായിക്കാനായി രംഗത്തുണ്ട്. ലോക്ഡൗണിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് കരുത്താവുന്നത് പൊലീസിന്റെ ഇടപെടലുകളാണ്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുറപ്പെടുവിച്ച നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരെ ജില്ലയിൽ രജിസ്റ്റർ ചെയ്ത വിവിധ കേസുകളിലായി 927 പേരെയാണ് അറസ്റ്റ് ചെയ്തത്. വ്യാജ പ്രചാരണങ്ങൾ നടത്തിയവർ, പൊതു സഥലങ്ങളിൽ കൂട്ടം കൂടിയവർ എന്നീ കാരണങ്ങൾക്കാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജനങ്ങൾ കൂടുവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ എത്തി ആളുകളെ ബോധവത്കരിക്കുന്നതിന് വൈത്തിരി, കൽപ്പറ്റ, മാനന്തവാടി, മീനങ്ങാടി, ബത്തേരി, പുൽപ്പള്ളി എന്നിവിടങ്ങളിൽ പ്രത്യേക ക്രൗഡ് ഡിസ്സിപ്പേഷൻ ടീം പ്രവർത്തിക്കുന്നുണ്ട്. നിരീക്ഷണത്തിനായി ഡ്രോൺ സംവിധാനവും ഉപയോഗിക്കുന്നു.വിവിധ വകുപ്പുകളുടെ സഹകരണത്തോടെ അതിർത്തി പ്രദേശങ്ങളിൽ വാഹന പരിശോധനയും മൊബൈൽ പട്രോളിംഗും പൊലീസ് നടത്തുന്നുണ്ട്. പരിശോധനയിൽ രോഗലക്ഷണമുള്ളവരായി കണ്ടെത്തുന്നവരെ നേരിട്ട് ആശുപത്രിയിൽ എത്തിക്കാനും മുന്നിട്ടിറങ്ങുന്നു.
എല്ലാ പൊലീസ് സ്റ്റേഷനുകൾക്ക് മുമ്പിലും പൊതുജനങ്ങൾക്കും ഉപയോഗിക്കുന്നതിനായി സോപ്പ്, വെളളം, സാനിറ്റൈസർ എന്നിവ ഒരുക്കിയിട്ടുണ്ട്. രോഗനിയന്ത്രണത്തിനായി നിരീക്ഷണത്തിലുള്ള വ്യക്തികളുടെ സഞ്ചാരം ജിയോ ഫെൻസിങ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ജില്ലാ സൈബർ സെല്ലിൽ നിരീക്ഷിക്കുന്നു. ജനമൈത്രി പൊലീസ് മരുന്ന് ഉൾപ്പെടെയുളള അവശ്യവസ്തുക്കൾ വീടുകളിൽ എത്തിച്ച് നൽകുകയും അന്യ സംസ്ഥാന തൊഴിലാളികളുടെ കാമ്പുകൾ സന്ദർശിച്ച് അവശ്യ സേവനങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.