online-application

കോഴിക്കോട്: ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ കുടുങ്ങിയ കുട്ടികൾക്കായി ഓൺലൈൻ വിദ്യാഭ്യാസം തുറന്നിടുകയാണ് 'അസാപ്". ലോക്ക് ഡൗൺ പ്രതിസന്ധി മറികടക്കുന്നതിനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) വിവിധ ഓൺലൈൻ പരിശീലന കോഴ്സുകളൊരുക്കുന്നത്.

വിദ്യാർത്ഥികൾക്ക് തൊഴിൽ മേഖലകളെക്കുറിച്ച് അറിയുന്നതിനും അഭിരുചിക്കനുസരിച്ചുള്ള സാങ്കേതിക വിദ്യകളിൽ ഹ്രസ്വകാല പരിശീലന കോഴ്സുകളിൽ പങ്കെടുക്കുന്നതിനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. വിദ്യാർത്ഥികളെ സയൻസ്, കൊമേഴ്‌സ്, ആർട്സ്, എൻജിനിയറിംഗ് തുടങ്ങി ഏഴ് വിഭാഗങ്ങളായിത്തിരിച്ച് ലളിതമായി പഠിക്കാവുന്ന വിവിധ ഹ്രസ്വകാല കോഴ്സുകളാണ് അസാപ് ഒരുക്കുന്നത്.

വിവിധവിഷയങ്ങളിൽ ബിരുദ - ബിരുദാനന്തരധാരികളായവർക്ക് തൊഴിലവസരങ്ങൾ ലഭ്യമാകുന്ന വിവിധ മേഖലകളിലെ സാദ്ധ്യതകളെ സംബന്ധിച്ച് വിദഗ്‌ദ്ധരുമായി അസാപിന്റെ ഓൺലൈൻ വെബിനാർ പ്ലാറ്റ്ഫോമിലൂടെ സംവദിക്കാം. ദിവസവും രാവിലെ 11നും ഉച്ചകഴിഞ്ഞ് നാലിനും വിവിധ വിഷയങ്ങളിൽ വെബിനാറുണ്ടായിരിക്കും. മാർച്ച്‌ 31ന് ആരംഭിച്ച വെബിനാർ പരമ്പരയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഒപ്പം സൗജന്യമായി വിവിധ വിഷയങ്ങളിൽ ഹ്രസ്വകാല കോഴ്സുകളും ലഭ്യമാക്കും. വിശദവിവരങ്ങൾക്ക് www.asapkerala.gov.in / www.skillparkkerala.in എന്നീ വെബ് ബ്സൈറ്റുകൾ കാണുകയോ 9495999657 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യണം.