കുറ്റ്യാടി: ജീവിതം ലോക്കായ കാലത്ത് വിജ്ഞാനം ഡൗണാകാതിരിക്കാൻ ഓൺലൈൻ ക്വിസ് മത്സരവുമായി അദ്ധ്യാപകൻ. മരുതോങ്കര ഗവ: എൽ.പി.സ്‌കൂളിലെ നവാസ് മൂന്നാംകൈയാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ഒരുക്കിയത്. സ്വദേശത്തും വിദേശത്തുമായി ആയിരത്തോളം പേരാണ് രാത്രി 8.30 മുതൽ 8.50 വരെ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്. 20 ചോദ്യങ്ങൾക്ക് 20 മിനുറ്റുകൊണ്ട് ഉത്തരം നൽകണം. അദ്ധ്യാപനം, പഠനം, ഗവേഷണം, ഗ്രന്ഥരചന, വിദ്യാഭ്യാസ പ്രവർത്തനം എന്നിങ്ങനെ കേരളത്തിൽ നിറഞ്ഞ് നിൽക്കുന്ന നവാസ് മൂന്നാംകൈ നടത്തുന്ന 2020 ഓൺലൈൻ ക്വിസ് മൽസരത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരാണ് പങ്കെടുക്കുന്നത്. ചോദ്യങ്ങൾ തയ്യാറാക്കാനും ഉത്തരങ്ങൾ പരിശോധിക്കാനും മക്കളായ ഷിറിൻ ഷഹാന, ഷഹർസാദ്, മുഹമ്മദ് ഷാദിന് എന്നിവർ സഹായികളായുണ്ട്. ഏപ്രിൽ 13ന് തുടങ്ങിയ മത്സരം ഇന്ന് അവസാനിക്കും. മത്സരത്തിന്റെ അവസാന റൗണ്ടിൽ വിജയിക്കുന്നവർക്ക് പ്രോൽസാഹന സമ്മാനം നൽകുമെന്ന് നവാസ് മൂന്നാംകൈ പറഞ്ഞു.