കൽപ്പറ്റ: കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെയും കേരളാ ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെയും (കെ.ജി.എം.ഒ.എ) ആഭിമുഖ്യത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്കായി ടെലി മെഡിസിൻ സംവിധാനം ഒരുക്കി. ടെലിസാന്ത്വനം എന്ന പേരിലാണ് കൽപ്പറ്റ ജനറലാശുപത്രി കേന്ദ്രീകരിച്ച് ടെലി മെഡിസിൻ സംവിധാനം ഏർപ്പെടുത്തിയത്.

എല്ലാ ദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സേവനം ലഭ്യമാകുക. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക സൈക്യാട്രി ഡിപ്പാർട്ടുമെന്റ് വിഭാഗം മേധാവി ഡോ.ജോസ്റ്റിൻ ഫ്രാൻസിസിന് മൊബൈൽ കോൾ ചെയ്ത് ടെലി മെഡിസിൻ സംവിധാനം ഉദ്ഘാടനം ചെയ്തു.

ജില്ലാ ആശുപത്രി കൊവിഡ് സെന്ററായി മാറ്റി​യതോടെ നിലവിൽ സൈക്യാട്രി വിഭാഗത്തിന്റെ സേവനം ജനറലാശുപത്രിയിൽ നിന്നാണ് നൽകുന്നത്. സേവനം ആവശ്യമുളളവർ നേരിട്ടോ ബന്ധുക്കൾ വഴിയോ ആരോഗ്യ പ്രവർത്തകർ മുഖേനയോ ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെ ബന്ധപ്പെടണം. മെഡിക്കൽ ഓഫീസർ രോഗവിവരങ്ങൾ ശേഖരിക്കുകയും പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയശേഷം സൈക്യാട്രി വിഭാഗത്തിന്റെ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടും. മെഡിക്കൽ ഓഫീസറിൽ നിന്നു ലഭിക്കുന്ന രോഗവിവരങ്ങൾ വിശകലനം ചെയ്താണ് സൈക്യാട്രി വിഭാഗം തീരുമാനമെടുക്കുക.
ലഘു മനോരോഗങ്ങൾക്ക് മെഡിക്കൽ ഓഫീസർ മുഖേന മരുന്നുകൾ നിർദ്ദേശിക്കും. ഈ മരുന്നുകൾ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്നോ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നോ ലഭ്യമാകും. ദീർഘകാലമായി മരുന്നുകൾ കഴിക്കുന്നവർക്കും മരുന്നുകൾ മുടങ്ങിപ്പോയവർക്കും തുടർ ചികിത്സയ്ക്കാവശ്യമായ നിർദ്ദേശങ്ങളും നൽകും. ഗുരുതര സ്വഭാവമുള്ള മനോരോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന വ്യക്തികളെ വിദഗ്ദ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റും. കിടത്തി ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള സംവിധാനവുമൊരുക്കും. കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് വിമുക്തി ലഹരി വിമോചന കേന്ദ്രത്തിന്റെ സഹകരണത്തോടെ കൗൺസലിംഗ് ഏർപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്ക് ജനറലാശുപത്രി സൈക്യാട്രി വിഭാഗവുമായി ബന്ധപ്പെടണം.