എടച്ചേരി: ലോക്ക് ഡൗണിൽ സംസ്ഥാന അതിർത്തികൾ അടഞ്ഞതിനിടയിലും മണിപ്പാലിലെ ആശുപത്രിയിൽ നിന്നെത്തിച്ച മരുന്ന് പുതുജീവൻ നൽകിയത് നാല് കുരുന്നുകൾക്ക്. നാദാപുരം, വടകര മേഖലയിലെ സെറിബ്രൽ പാൾസി, ഹോർമോൺ തകരാറുള്ള കുട്ടികൾക്കാണ് മുടങ്ങാതെ കഴിക്കേണ്ട മരുന്നുകളെത്തിച്ചത്.
ലോക്ക് ഡൗൺ കാരണം മരുന്ന് ലഭിക്കുമോ എന്ന ആശങ്കയിലായിരുന്നു ഇവരുടെ രക്ഷാകർത്താക്കൾ. വിവരമറിഞ്ഞതിനെ തുടർന്ന് മാദ്ധ്യമ പ്രവർത്തകനും എൽ.ജെ.ഡി നേതാവുമായ വത്സരാജ് മണലാട്ട് മരുന്നെത്തിക്കുന്നതിനായി മുന്നിട്ടിറങ്ങി. മണിപ്പാൽ കസ്‌തൂർബ ആശുപത്രിയിലെ ഫാർമസിസ്റ്റ് എ.ജെ. ജോസിനെ ബന്ധപ്പെട്ടെങ്കിലും മണിപ്പാൽ, മംഗളൂരു ജില്ലകൾ അടച്ചതിനാൽ മരുന്ന് മംഗലാപുരത്തെത്തിക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി.
വത്സരാജിന്റെ അഭ്യർത്ഥന പ്രകാരം നാദാപുരം എ.എസ്.പി അങ്കിത് അശോക് മണിപ്പാൽ സ്റ്റേഷൻ ഇൻസ്‌പെക്ടറെ ബന്ധപ്പെട്ടു. തുടർന്ന് മണിപ്പാൽ ആശുപത്രിയിലെ ഡെപ്യൂട്ടി ചീഫ് ഫാർമസിസ്റ്റും മലയാളിയുമായ എ.ജെ. ജോസ് മരുന്ന് നിർമ്മിച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ചു. മണിപ്പാൽ പൊലീസ് മരുന്ന് മംഗലാപുരത്തെത്തിച്ച് കോഴിക്കോട് വഴി പോകുന്ന ചരക്ക് ലോറി ഡ്രൈവർക്ക് കൈമാറി. രാത്രിയോടെ തലശ്ശേരി സ്റ്റേഷനിലും അവിടെ നിന്ന് നാദാപുരം ഡിവിഷണൽ ഓഫീസിലും മരുന്നെത്തിക്കുകയായിരുന്നു. മരുന്നിന്റെ പണം വത്സരാജ് ഫാർമസിസ്റ്റിന്റെ അക്കൗണ്ടിലിട്ടു. തലശ്ശേരി, പയ്യന്നൂർ സ്വദേശികളായ രണ്ട് കുട്ടികൾക്കുള്ള മരുന്നുകളും ഇതിനൊപ്പം അയച്ചിരുന്നു.
പയ്യന്നൂരിലെയും പിണറായിയിലെയും രോഗികളായ കുട്ടികൾക്കുള്ള മരുന്നുകൾ കല്ലാച്ചി ഫയർ സ്റ്റേഷനിലെ ഓഫീസർ പ്രമോദിനെ ഏല്പിക്കുകയായിരുന്നു. മറ്റു രണ്ട് രോഗികൾക്കുള്ള മരുന്ന് വത്സരാജ് നേരിട്ട് വീട്ടിലെത്തിക്കുകയായിരുന്നു.