കൽപ്പറ്റ: കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ 758 പേർ കൂടി നിരീക്ഷണകാലം പൂർത്തിയാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 8787 ആയി. കൊവിഡ് 19 സ്ഥിരീകരിച്ച ഒരാൾ ഉൾപ്പെടെ 5 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 250 ആളുകളുടെ സാമ്പിളുകളിൽ 229 എണ്ണത്തിന്റെ ഫലം ലഭിച്ചു. പരിശോധനയ്ക്ക് അയച്ച 20 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 1489 വാഹനങ്ങളിലായി എത്തിയ 2196 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. കമ്മ്യൂണിറ്റി കിച്ചൻ വഴി 1081 പേർക്ക് സൗജന്യമായി ഭക്ഷണം നൽകി.


പോസിറ്റീവ് കേസുകളില്ലാത്ത പതിനാറാം നാൾ
കൽപ്പറ്റ: 16 ദിവസങ്ങളായി പോസിറ്റീവ് കേസുകൾ വയനാട് ജില്ലയിൽ സ്ഥിരീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലും ഹോട്ട്സ്‌പോട്ട് ജില്ലകൾ ഒഴികെയുള്ള മറ്റ് ജില്ലകളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വയനാട് ജില്ലയിൽ എത്തുന്നവർ നിർബന്ധമായും 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടതാണെന്ന് ജി​ല്ലാ കലക്ടർ അറി​യി​ച്ചു.

ഹോട്ട്സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലേക്കുള്ള യാത്രകളും ജില്ലയിൽ നിന്ന് തിരികെയുള്ള യാത്രയും കർശനമായി നിരോധിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള അവശ്യ സർവ്വീസുകൾക്ക് മാത്രമാണ് ഇളവുകൾ ബാധകം. സ്ഥിരീകരിച്ച ഒരു പോസിറ്റീവ് കേസ് ജില്ലയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ല പൂർണ്ണമായും കോവിഡ് മുക്തമായതായി പ്രഖ്യാപിച്ചിട്ടില്ല.