കോഴിക്കോട്: ജില്ലയിൽ ഇന്നലെ രണ്ടു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എടച്ചേരിയിൽ കഴിഞ്ഞ ദിവസം വൈറസ് ബാധ കണ്ടെത്തിയ കുടുംബത്തിലെ അംഗങ്ങളാണ് ഇരുവരും. ഈ കുടുംബത്തിലെ മൂന്നു പേർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആദ്യവ്യക്തിക്ക് രോഗം സ്ഥിരീകരിച്ചയുടൻ മറ്റുള്ളവരെയെല്ലാം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്.
ദുബായിൽ നിന്നു മാർച്ച് 18 ന് എത്തിയ 39 കാരനും ഇദ്ദേഹത്തിന്റെ 59- കാരിയായ മാതാവിനുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. നേരത്തെ അയച്ച ഇവരുടെ രണ്ടു സാമ്പിളും നെഗറ്റീവായിരുന്നു.
കൊവിഡ് ബാധിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം ഇപ്പോൾ 18 ആയി. ഇവരിൽ 9 പേർ രോഗമുക്തരായി ആശുപത്രി വിട്ടതാണ്. 9 പേരാണ് ചികിത്സയിൽ തുടരുന്നത്. കണ്ണൂർ സ്വദേശികളായ രണ്ടു പേർ കൂടി ഇവിടെ ചികിത്സയിലുണ്ട്.
ജില്ലയിൽ 1,298 പേർ കൂടി വീടുകളിലെ നിരീക്ഷണം പൂർത്തിയാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ 9,864 ആയി. 12,875 പേർ നിരീക്ഷണത്തിൽ തുടരുന്നുണ്ട്. ഇന്നലെ പുതുതായി വന്ന 15 പേർ ഉൾപ്പെടെ 28 പേരാണ് ആശുപത്രികളിലുള്ളത്. 11 പേരെ ഡിസ്ചാർജ്ജ് ചെയ്തു.
ഇന്നലെ 55 സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 625 സാമ്പിൾ പരിശോധനയ്ക്കയച്ചതിൽ 570 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 548 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ 56 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ വീഡിയോ കോൺഫറൻസിംഗിലൂടെ ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഇന്നലെ വിലയിരുത്തി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ആരോഗ്യ കേരളം മിഷൻ ഡയറക്ടറും ഒപ്പമുണ്ടായിരുന്നു.