വടകര: കൊവിഡ് ലോക്ക് ഡൗണിന്റെ ഇളവിൽ ചോമ്പാൽ ഹാർബറിലെ മത്സ്യത്തൊഴിലാളികൾ പതുക്കെ ജീവിതത്തിലേക്ക് കരകയറുന്നതിനിടെ സമീപ പ്രദേശങ്ങളിൽ രോഗം സ്ഥിരീകരിച്ചത് വലിയ തിരിച്ചടിയായി. അഴിയൂർ, എടച്ചേരി പഞ്ചായത്തുകളിലെ കൊവിഡ് രോഗികളുടെ വിവരം പുറത്തുവന്നതോടെയാണ് കഴിഞ്ഞ ദിവസം ഡപ്യൂട്ടി കളക്ടർ യോഗം വിളിച്ച് ഹാർബർ അടച്ചിടാൻ തീരുമാനിച്ചത്. ഈ മാസം 20 വരെ പൂർണമായും പ്രവർത്തിപ്പിക്കരുതെന്നായിരുന്നു നിർദ്ദേശം. അഴിയൂർ, എടച്ചേരി, ന്യൂ മാഹി, മാഹി എന്നീ കൊവിഡ് ബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകൾ ഹാർബറിലേക്ക് എത്താനുള്ള സാധ്യത പരിഗണിച്ചാണ് ഡപ്യൂട്ടി കളക്ടർ യോഗം വിളിച്ചത്. ലോക്ക് ഡൗൺ വ്യവസ്ഥകൾ ലംഘിച്ചതിന് പ്രവർത്തനം നിർത്തിവച്ചിരുന്ന ഹാർബർ പുതുക്കിയ വ്യവസ്ഥകൾ പ്രകാരം ചെറിയ തോതിൽ പ്രവർത്തിച്ചു വരുന്നതിനിടെയാണ് വീണ്ടും ലോക്ക് വീണത്. ഹാർബർ അടച്ചതോടെ മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലകളിൽ തൊഴിലെടുക്കുന്നവരും ആശങ്കയിലാണ്.