കോഴിക്കോട്: സസ്‌പെൻഷൻ കാലാവധി കഴിഞ്ഞിട്ടും കോഴിക്കോട് മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗം പ്രൊഫസർ ഡോ.കെ.സി.സോമനെ തിരിച്ചെടുക്കുന്നതിൽ ആരോഗ്യ വകുപ്പ് അനാസ്ഥ കാണിക്കുന്നതായി പട്ടികജാതി വർഗ സംരക്ഷണ സമിതി കുറ്റപ്പെടുത്തി.
ചട്ടപ്രകാരം ആറു മാസം കഴിയുമ്പോൾ ഇദ്ദേഹത്തെ കോഴിക്കോട് ഒഴികെ മറ്റേതെങ്കിലും മെഡിക്കൽ കോളേജിൽ നിയമിക്കണമെന്ന് ഗവർണർന ഉത്തരവിറക്കിയതായിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഡോക്ടർക്ക് നിയമനം നൽകിയിട്ടില്ല.
ഒരു വർഷം മുമ്പ് പിത്താശയ ശസ്ത്രക്രിയയെ തുടർന്ന് കൊയിലാണ്ടി സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിലാണ് ഡോ.സോമൻ സസ്‌പെൻഷനിലായത്. സമാനമായ മറ്റൊരു കേസിൽ മൂന്നു മാസം സസ്‌പെൻഷനിലായ മറ്റൊരു ഡോക്ടറെ സർവീസിൽ തിരിച്ചെടുത്ത് ശമ്പളമടക്കം എല്ലാ ആനുകൂല്യങ്ങളും പുന:സ്ഥാപിച്ചു നൽകിയിരുന്നു. എന്നാൽ ഡോ.സോമന്റെ കാര്യത്തിൽ ഈ പരിഗണന കാണിക്കുന്നില്ലെന്നത് ദുരൂഹമാണെന്ന് സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ ആരോപിച്ചു.