km-shaji-

കോഴിക്കോട്: മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കെ.എം.ഷാജി എം.എൽ.എ ക്കെതിരെ വിജിലൻസ് കേസിന് അനുമതി നൽകിയത് രാഷ്ട്രീയ ഫാസിസമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് എന്നിവർ പറഞ്ഞു.

ആറു വർഷം മുമ്പ് നടന്നതായി ആരോപിക്കുന്ന സംഭവത്തിൽ ഇപ്പോൾ കേസെടുക്കുന്നത് തികച്ചും രാഷ്ട്രീയപ്രേരിതമാണ്. വിമർശിക്കുന്നവരെ കേസിൽ പെടുത്തുകയെന്ന നരേന്ദ്ര മോദിയുടെ അതേ ശൈലി തന്നെയാണ് പിണറായി വിജയനും തുടരുന്നത്. മോദിയെ വിമർശിച്ചതിന്റെ പേരിൽ വർഷങ്ങൾക്ക് മുമ്പുള്ള കേസ് പൊടി തട്ടിയെടുത്താണ് സഞ്ജീവ് ഭട്ടിനെ കുടുക്കിയത്. ഇത്തരം ശൈലി കേരളത്തിൽ അനുവദിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു.

ഇടതുമുന്നണി മന്ത്രിസഭയിലെ മന്ത്രിമാർക്കെതിരെ പ്രതിപക്ഷ നേതാവും യൂത്ത് ലീഗും തെളിവുകൾ സഹിതം വിജിലൻസിന് പരാതി നൽകിയിട്ടും ഇതുവരെ അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയിട്ടില്ല. കേസിൽ പെടുത്തിയതുകൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായ മൂടിക്കെട്ടാനാവില്ല.