കോഴിക്കോട്: കൊവിഡ് ലോക്ക് ഡൗണിൽ നാട് വീട്ടിലേക്ക് ചുരുങ്ങിയപ്പോൾ ലളിതമായ വിവാഹത്തിലൂടെ നാട്ടുകാർക്ക് മാതൃകയാകുകയാണ് ഈ സഹോദരങ്ങൾ.
ബേപ്പൂർ അമ്പലവളപ്പിൽ രവീന്ദ്രൻ - ജയലത ദമ്പതികളുടെ മക്കളായ രാഹുലിന്റെയും വിഷ്ണുവിന്റെയും വിവാഹം ഏപ്രിൽ 16നും 17നും നിശ്ചയിച്ചതുപോലെ തന്നെ നടക്കുകയായിരുന്നു. അതാകട്ടെ തീർത്തും ലളിതമായി, ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുതന്നെ.
അരക്കിണർ സ്വദേശിനിയായ ആതിരയാണ് രാഹുലിന്റെ വധു. വിഷ്ണുവിന്റെ ജീവിതപങ്കാളിയായത് ഒളവണ്ണ സ്വദേശി അശ്വതിയും.
ലോക്ക് ഡൗണിന് മുമ്പ് തന്നെ ബന്ധുക്കളെയടക്കം ക്ഷണിച്ചുതുടങ്ങിയതായിരുന്നു. എന്നാൽ കൊവിഡ് നിയന്ത്രണം ശക്തമായതോടെ വിവാഹം നടക്കുമോ എന്ന സംശയമായി. കല്യാണം മുടങ്ങരുതെന്ന നിലപാടിലായിരുന്നു രാഹുൽ - വിഷ്ണുമാരുടെ വീട്ടുകാർ. പ്രത്യേകിച്ചും അമ്മ ജയലത. മറ്റു രണ്ടു വീട്ടുകാരും ഒപ്പം നിന്നപ്പോൾ പിന്നെ നീട്ടിവെക്കൽ അജണ്ടയിലേ വന്നില്ല. ആരോഗ്യ വകുപ്പിന്റെ നിയന്ത്രണങ്ങളെല്ലാം പാലിച്ച് രണ്ടു വിവാഹവും നടത്താൻ തീരുമാനമായി.
16ന് രാവിലെ 9.20ന് രാഹലിന്റെയും 17ന് രാവിലെ 8.20 ന് വിഷ്ണുവിന്റെയും വിവാഹം നടന്നു. വധൂഗൃഹത്തിലേക്ക് വരനൊപ്പം എത്തിയത് അച്ഛനും അമ്മയും മാത്രം. ചടങ്ങിന് അവിടെയും വിരലിലെണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളൂ. ചടങ്ങിന് മുൻപ് വധൂവരൻമാർ പരസ്‌പരം മാസ്‌ക് അണിയിച്ചും സാനിറ്റൈസറിൽ കൈ വൃത്തിയാക്കിയും മാതൃകയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ശാരീരിക അകലം പാലിച്ച് വീട്ടുപടിക്കലും വഴിവക്കിലും മാറി നിന്ന് വധൂ വരന്മാരെ ആശീർവദിച്ചു.
രാഹുൽ ഇൻഡസ് മോട്ടോഴ്സിൽ മെക്കാനിക്കാണ്. ഭാര്യ ആതിര അവസാന വർഷ പി.ജി വിദ്യാർത്ഥിനിയും. ബംഗളുരുവിലെ മാർക്കറ്റിംഗ് കമ്പനിയിൽ ഏരിയ സെയിൽസ് മാനേജരായ വിഷ്ണുവിന്റെ ഭാര്യ അശ്വതി ജുവലറിയിൽ കെമിസ്റ്റാണ്.