പേരാമ്പ്ര: കൊവിഡിനെതിരെ നാനാവിധ പ്രതിരോധങ്ങളുമായി ഉണർന്നിരിക്കുന്ന നാട്ടിൽ അദ്ധ്യാപകന്റെ കാവ്യ സന്ദേശം വേറിട്ട ചെറുത്തുനിൽപ്പായി. കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറിയിൽ യു.പി വിഭാഗം അദ്ധ്യാപകനായ അശ്റഫ് കല്ലോട് ദൃശ്യചാരുതയോടെ തയ്യാറാക്കിയ 'മഹാമാരി' എന്ന കവിത സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായി കഴിഞ്ഞു. സാമൂഹിക അകലവും മാസ്കും തീർത്ത തടവറയെ മാറ്റി കാർമേഘം മുറ്റിയ മാനം തെളിയുന്നത്, മനസു തെളിയുന്നത് ഹൃദ്യമായ ആസ്വാദക അനുഭവമാണ് നൽകുന്നത്. 'നിറയട്ടെ ജാഗ്രത, നീങ്ങട്ടെ തടവറ, തെളിയട്ടെ മാനം, കളിയാടിടട്ടെയീ മനവും' തുടങ്ങിയ വരികൾ ഏറെ ശ്രദ്ധേയമാണ്. ഗായകൻ നവാസ് പാലേരിയാണ് കവിത ആലപിച്ചിരിക്കുന്നത്. സിജിൽ പേരാമ്പ്രയുടേതാണ് ദൃശ്യങ്ങൾ. അദ്ധ്യാപനത്തോടൊപ്പം എഴുത്തുകാരൻ കൂടിയായ അശ്റഫ് കല്ലോട് രണ്ട് ഇംഗ്ലീഷ് സമാഹാരങ്ങൾ ഉൾപ്പെടെ അഞ്ച് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക കവിതാ പുരസ്കാരം, യുവകലാ സാഹിതി സംസ്ഥാന കവിതാ പുരസ്കാരം, നന്മ പുരസ്കാരം , പച്ചമഷി കഥാ ആദരം ,തപസ്യകലാ സാഹിത്യ വേദി ' ,നവോത്ഥാന ശ്രേഷ്ഠ പുരസ്കാരം തുടങ്ങി പത്തിലേറെ അവാർഡുകളും നേടി.