കൽപ്പറ്റ: കൊവിഡിനെ നേരിടാൻ എന്ന പേരിൽ ഒരു ലക്ഷം സുരക്ഷാ സ്‌റ്റോറുകൾ തുടങ്ങാനുള്ള നീക്കത്തിൽ ദുരുഹതയുണ്ടെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ എഫ്.എം.സി.ജി രംഗത്തെ പന്ത്രണ്ട് കമ്പനികൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ദൈനംദിന ആവശ്യങ്ങൾക്കുള്ള വസ്തുക്കൾ കൂടാതെ ഗാർഹികോപകരണങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവയും ഈ സ്റ്റോറുകൾ വഴി ലഭ്യമാക്കാനാണ് നീക്കം. ഇത് ചെറുകിട വ്യാപാര മേഖലയെ സാരമായി ബാധിക്കും. സുരക്ഷാ സ്‌റ്റോറുകൾ എന്ന പേരിൽ മൾട്ടിനാഷണൽ കമ്പിനികൾക്ക് അനുമതി നൽകുന്നത് ദുരുഹമാണ്. കോവിഡിനെ നേരിടാൻ മെഡിക്കൽ ഉപകരണങ്ങളും പ്രതിരോധ വസ്തുക്കളും വിതരണം ചെയ്യുന്നതിന് പകരം എല്ലാ സ്ഥലങ്ങളിലും സുലഭമായ ദൈനംദിന വസ്തുക്കൾ വിൽപ്പന നടത്താൻ കമ്പിനികളെ ഏൽപ്പിക്കേണ്ട സാഹചര്യം എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. ചില്ലറ വിൽപ്പന മേഖല കുത്തകകൾക്ക് നൽകാനുളള നടപടിയുടെ ഭാഗമാണ് ഇത്.
രാജ്യത്ത് അവശ്യസാധനങ്ങൾ പെട്ടന്ന് ഉപയോക്താക്കളിൽ എത്തിക്കുകയാണ് ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് എന്ന ഓർഗനൈസേഷന്റെ ദൗത്യം. ഇത് ചെറുകിട വ്യാപാര മേഖലയിൽ കടന്ന് കയറാൻ മറയാക്കുകയാണ്. ഓൺലൈനിൽ കച്ചവടം നടത്താൻ അനുമതിയുള്ള എല്ലാ സാധനങ്ങളും ഹോം ഡെലിവറിയായി ഉപഭോക്താക്കൾക്ക് എത്തിക്കാൻ വ്യാപാരികൾ തയ്യാറാണ്. ഇതിന് അനുമതി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓൺലൈൻ മീറ്റിംഗിൽ ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവൻ, ഒ.വി.വർഗ്ഗീസ്, ഇ.ഹൈദ്രു, ജോജിൻ.ടി. ജോയി, കെ.ഉസ്മാൻ, നൗഷാദ് കാക്കവയൽ, കെ.കുഞ്ഞിരായിൻ ഹാജി, കെ.ടി ഇസ്മായിൽ, എം.വി.സുരേന്ദ്രൻ, ഡോ.മാത്യൂ തോമസ്, ഇ.ടി.ബാബു, പി.വി.മഹേഷ്, സി.വി.വർഗ്ഗീസ്, കമ്പ അബ്ദുള്ള ഹാജി, കെ.കെ.അമ്മദ് ഹാജി, സി.രവീന്ദ്രൻ, സാബു എബ്രാഹം, യൂത്ത് വിംഗ് ജില്ലാ ട്രഷറർ ഉണ്ണി കാമിയോ എന്നിവർ പങ്കെടുത്തു.