കൽപ്പറ്റ: വിവിധ വിദേശ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾ തിരികെ വരുന്ന സാഹചര്യം ഉണ്ടായാൽ താമസിപ്പിക്കുന്നതിന് ആവശ്യമായ കോവിഡ് കെയർ സെന്ററുകൾ ജില്ലയിൽ സജ്ജമാക്കുമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
ബാത്ത്റൂം സൗകര്യത്തോടു കൂടിയ 1960 മുറികൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. രോഗവ്യാപനം ഉണ്ടാവുകയാണെങ്കിൽ ഉപയോഗപ്പെടുത്തുന്നതിനായി നേരത്തെ തന്നെ കണ്ടെത്തിവയാണിവ.
റിസോർട്ടുകളും ഹോം സ്റ്റേകളുമാണ് ഏറ്റെടുത്തിട്ടുളളത്. കൂടുതൽ മുറികൾ ആവശ്യംവരുന്ന സാഹചര്യത്തിൽ സൗകര്യപ്രദമായ വീടുകളും ഉപയോഗപ്പെടുത്തും. ആളൊഴിഞ്ഞ വീടുകളും പ്രവാസികളുടെ വീടുകളുമാണ് ഉപയോഗപ്പെടുത്തുക. വിദേശത്ത് നിന്ന് എത്തുന്ന രണ്ടും മൂന്നും പേരെ വെവ്വേറെ മുറികളിലായി താമസിപ്പിക്കാൻ കഴിയുന്ന വീടുകളാണ് കണ്ടെത്തുകയെന്നും മന്ത്രി പറഞ്ഞു.
ഏപ്രിൽ 20 നു ശേഷം നടപ്പാക്കുന്ന ഇളവുകൾ കേന്ദ്ര സംസ്ഥാന സർക്കാരുടെ നിബന്ധനകൾ പ്രകാരമേ ജില്ലയിൽ നടപ്പാക്കൂ. തോട്ടം മേഖലയിലെ ജോലിക്ക് സാമൂഹിക അകലം നിർബന്ധിതമായി പാലിക്കണം.
സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തിന് ബോർഡ് യോഗങ്ങൾ കൂടേണ്ടതുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കോർ കമ്മിറ്റി കൂടി തീരുമാനങ്ങൾ സർക്കുലേറ്റ് ചെയ്ത് അംഗീകാരം വാങ്ങിക്കാവുന്നതാണ്.
ജില്ലയിൽ ആറുദിന ശുചീകരണ യജ്ഞം
കൽപ്പറ്റ: ലോക്ക് ഡൗൺ സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ മേഖലയിലും ശുചീകരണം നടത്താൻ ജില്ലാ ഭരണകൂടം ആറു ദിന ശുചീകരണ യജ്ഞം നടത്തുന്നു. ഏപ്രിൽ 19 മുതൽ 24 വരെയുളള ഓരോ ദിവസങ്ങളിലും വ്യത്യസ്തയിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം.
19 ന് ജില്ലയിലെ മുഴുവൻ ആശുപത്രികളും ശുചീകരിക്കും. 20 ന് തുണിക്കടകൾ തുറന്ന് വൃത്തിയാക്കാൻ ഉടമകൾക്ക് അവസരം നൽകും. 21 ന് വീടുകളും പരിസരങ്ങളും ശുചീകരിക്കണം. 22 ന് പൊതുസ്ഥലങ്ങൾ, ടൗണുകൾ എന്നിവ മാലിന്യമുക്തമാക്കും. 23 ന് നിർത്തിയിട്ട വാഹനങ്ങൾ വൃത്തിയാക്കാനും മാറ്റിയിടാനുമുള്ള അവസരമാണ്. 24 ന് മറ്റു കടകൾ തുറന്ന് വൃത്തിയാക്കുന്നതിന് അനുമതി നൽകും. ശുചീകരണ പ്രവത്തികൾ സാമൂഹിക അകലം പാലിച്ച് നടത്തണമെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു.
കർണാടകയിലെ ഇഞ്ചി കർഷകരുടെ
പ്രശ്ന പരിഹാരത്തിന് ഇടപെടും
കൽപ്പറ്റ: കർണാടകയിൽ ഇഞ്ചികൃഷിയിൽ ഏർപ്പെട്ട കർഷകരുടെ അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ അവിടങ്ങളിലെ കളക്ടർമാരുമായി ഇടപെട്ട് നടപടികൾ കൈകൊള്ളും. ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി എ.കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കളക്ട്രറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കർണാടകയിൽ കൃഷി നടത്തുന്ന കർഷകർ വലിയ പ്രതിസന്ധി നേരിടുന്നതായി എം.എൽ.എമാരായ സി.കെ ശശീന്ദ്രൻ, ഐ.സി.ബാലകൃഷ്ണൻ, ഒ.ആർ.കേളു എന്നിവർ ശ്രദ്ധയിൽപ്പെടുത്തി.
കൊവിഡിന്റെ മറവിൽ കേരളത്തിൽ നിന്നുള്ള കൃഷിക്കാരെ പലവിധ ചൂഷണത്തിനു വിധേയരാക്കുന്നതായി പരാതിയുണ്ട്. ഇവരുടെ ഭക്ഷണം, സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്താൻ അതാത് ജില്ലാ കളക്ടർമാരുമായും പൊലീസ് മേധാവികളുമായും ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു.
മഴക്കാലത്തിനു മുമ്പ് നിർമ്മാണം പൂർത്തിയാക്കേണ്ട സർക്കാർ മേഖലയിലെ സ്‌കൂൾ, ആശുപത്രി തുടങ്ങിയ കെട്ടിടങ്ങളുടെയും റോഡുകളുടെയും പട്ടിക തയ്യാറാക്കും. ഏപ്രിൽ 20 നു ശേഷം ഇവയുടെ പ്രവൃത്തി ആരംഭിക്കാൻ നടപടിയുണ്ടാകും.
കർണാടകയിൽ നിന്ന് കാൽനടയായും പച്ചക്കറി വാഹനങ്ങളിൽ കയറിയും രഹസ്യമായി അതിർത്തി കടന്നുവരുന്നത് കർശനമായി തടയാൻ നടപടി സ്വീകരിക്കും. അതിർത്തിയിലെ നൂറ്റമ്പതോളം ഊടുവഴികളിലൂടെ ആളുകൾ എത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ നിയന്ത്രിക്കുന്നതിനു പൊലീസ്, ഫോറസ്റ്റ് വകുപ്പുകൾക്ക് നിർദേശം നൽകി.
ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിൽ കഴിയുന്നവർക്ക് അവർക്ക് പോകേണ്ട സ്ഥലത്തെ ജില്ലാ കളക്ടർമാർ നൽകുന്ന പാസ് ഹാജരാക്കിയാൽ തിരിച്ച് പോകുന്നതിനുള്ള അനുമതി നൽകും. ഹോട്ട്സ്‌പോട്ട് ജില്ലകളായ കാസർകോട്,കോഴിക്കോട്, കണ്ണൂർ,മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള പ്രവേശനം കർശനമായി വിലക്കും.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ പൊലീസ് മേധാവി ആർ ഇളങ്കോ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക, ഡെപ്യൂട്ടി കളക്ടർ കെ. അജീഷ് എന്നിവർ പങ്കെടുത്തു.
(ചിത്രം)