കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഴിയൂരിൽ കഴിഞ്ഞ ദിവസം വൈറസ് ബാധ കണ്ടെത്തിയ രോഗിയുടെ അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന 31-കാരനാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആദ്യം രോഗം ബാധിച്ചയാൾക്കൊപ്പം കടയിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് യുവാവ്.
അഴിയൂരിൽ ഏപ്രിൽ 14 ന് ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ച് സാമ്പിൾ എടുത്തിരുന്നു. പിന്നീട് വടകരയിലെ ഐസൊലേഷൻ സെന്ററിലേക്ക് മാറ്റി. പരിശോധനാ ഫലം പോസിറ്റീവായ സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്.
ജില്ലയിൽ ഇതിനകം കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇന്നലെത്തോടെ 19 ആയി. 9 പേർ രോഗമുക്തരായി ആശുപത്രി വിട്ടതാണ്. 10 പേരാണ് ചികിത്സയിലുള്ളത്.
ജില്ലയിൽ 1,309 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയതായി ഡി.എം.ഒ ഡോ.വി.ജയശ്രീ. അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരുടെ എണ്ണം 11,173 ആയി. നിലവിൽ 11,586 പേർ നിരീക്ഷണത്തിൽ തുടരുന്നുണ്ട്. പുതുതായി വന്ന 7 പേർ ഉൾപ്പെടെ ആകെ 31 പേരാണ് ആശുപത്രിയിലുള്ളത്. 4 പേരെ ഇന്നലെ ഡിസ്ചാർജ്ജ് ചെയ്തു. 644 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 620 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 597 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 24 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
കഴിഞ്ഞ ദിവസം രണ്ട് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത എടച്ചേരി ഗ്രാമപഞ്ചായത്തിൽ വാർഡ് തല ജാഗ്രതാസമിതി യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. 30 വീടിന് ഒരാൾ എന്ന നിലയിൽ വളണ്ടിയർമാരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.
ബോധവത്കരണത്തിനായി ഗൃഹസന്ദർശനം തുടരുന്നുണ്ട്. സന്നദ്ധസേനാംഗങ്ങൾ ഇന്നലെ ജില്ലയിൽ 9,968 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി.
മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ 21 പേർക്ക് ഇന്നലെ കൗൺസലിംഗ് നൽകി.