സുൽത്താൻ ബത്തേരി: എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന അമ്പുകത്തി മലനിരകളിൽ വീണ്ടും വിള്ളൽ. കഴിഞ്ഞ വർഷം ഉണ്ടായ ഉരുൾപൊട്ടലിന് സമീപമാണ് അമ്പത് മീറ്റർ നീളത്തിൽ മലയിൽ വിള്ളൽ ഉണ്ടായത്. കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയെതുടർന്നാണ് വിള്ളലുണ്ടായത്.
ചെങ്കുത്തായ മലനിരയുടെ മുകളിലെ വൻ പാറകൾ നിൽക്കുന്ന പ്രദേശത്താണ് വിള്ളൽ ദൃശ്യമായിരിക്കുന്നത്. മലനിരകളുടെ അടിവാരത്തായി നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

കഴിഞ്ഞ വർഷകാലത്ത് അമ്പുകുത്തി മലനിരയുടെ കിഴക്കൻ ചെരുവിലാണ് പന്ത്രണ്ട് ഇടങ്ങളിലായി ചെറുതും വലുതുമായ മണ്ണിടിച്ചിൽ ഉണ്ടായത്. പട്ടിയമ്പം,പൊൻമുടികോട്ട, കോമള എസ്റ്റേറ്റ്, എടക്കൽ ഗുഹയുടെ പാർക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ ഉണ്ടായി​. മണ്ണിടിച്ചിൽ ഭീഷണിയെതുടർന്ന് പ്രദേശത്തെ 63 കുടുംബങ്ങളെ സുരഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചി​രുന്നു.
ഗുഹയിൽ നിന്ന് നൂറ് മീറ്റർ മാറിയാണ് കഴിഞ്ഞ തവണ മണ്ണിടിച്ചിൽ ഉണ്ടായത്. വ്യാഴാഴ്ച വൈകീട്ട് മഴയ്ക്ക് ശേഷം ഉണ്ടായ വിള്ളലും ഗുഹയ്ക്ക് സമീപ പ്രദേശത്ത് തന്നെയാണ്.

ഇപ്പോൾ ഉണ്ടായ ഈ വിള്ളലിൽ വെള്ളംകെട്ടി നിന്നാൽ അത് വൻ ദുരന്തത്തിന് കാരണമാകും. വർഷകാലം വരുന്നതോടെ മുൻ വർഷത്തേത്‌പോലെ മണ്ണിടിച്ചിൽ ഉണ്ടായാൽ വലി​യ അപകടത്തി​ന് സാധ്യതയുണ്ട്. കഴിഞ്ഞ വർഷം മലനിരകളിൽ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ ഇവിടുത്തെ അനധികൃത കയ്യേറ്റങ്ങളും നിർമ്മണപ്രവർത്തനങ്ങളും നെന്മേനി പഞ്ചായത്ത് നിർത്തിവെപ്പിക്കുകയുണ്ടായി. എന്നാൽ തുടർന്ന് നടപടിയൊന്നും സ്വീകരിച്ചില്ല. കൂറ്റൻ ടാങ്ക് മലയുടെ മുകളിൽ സ്ഥാപിച്ച് വെള്ളം സംഭരിക്കുകയും ജെസിബി ഉൾപ്പെടെ വലിയ മണ്ണ് മാന്തികൾ ഉപയോഗിച്ച് മണ്ണും പറകളും ഇളക്കി നിർമ്മാണ പ്രവർത്തികൾ നടത്തുന്നതും മലനിരകൾക്ക് ഭീഷണിയായിട്ടുണ്ട്.

ഫോട്ടോ
അമ്പുകുത്തി മലനിരകളിൽ കഴിഞ്ഞ ദിവസം ദൃശ്യമായ വിള്ളൽ