പയ്യോളി: പയ്യോളിയിലെ സ്വകാര്യ ഡോക്ടർക്കെതിരെ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ജനപ്രതിനിധിയും നടത്തിയ ഇടപെടൽ വിവാദമാകുന്നു. ഡോ.ഇദ്രീസാണ് നഗരസഭ ആരോഗ്യ വിഭാഗത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തിയ രോഗിക്ക് കൊവിഡ് ലക്ഷണം കണ്ടതിനാൽ മെഡിക്കൽ കോളേജിലേക്ക് അയയ്ക്കുകയും പരിശോധനാഫലം പോസിറ്റീവാകുകയും ചെയ്തിരുന്നു. തുടർന്ന് ഡി.എം.ഒ ഡോക്ടറോട് പരിശോധന നടത്താനും ഈ മാസം 14 വരെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനും ആവശ്യപ്പെട്ടു. ഇതിനിടെ 12ന് ലഭിച്ച പരിശോധനാ ഫലം നെഗറ്റീവായതിനാൽ 15 മുതൽ ക്ലിനിക്കിൽ പോകാമെന്ന് ഡി.എം.ഒ അറിയിച്ചു. എന്നാൽ 14 ദിവസം കൂടി വീട്ടിൽ കഴിയാനായിരുന്നു ഡോക്ടറുടെ തീരുമാനം. ഇതിനിടെ ഡോക്ടരുടെ വീട്ടിലെത്തിയ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ജനപ്രതിനിധിയും ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്നാണ് പറയുന്നത്. നിരീക്ഷണ കാലത്ത് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാരും വീട്ടിൽ വരികയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്നും ഡോക്ടർ ആരോപിക്കുന്നു. അതേസമയം അടുത്ത വാർഡിൽ താമസിക്കുന്ന ഡോക്ടറുടെ ഡ്രൈവർ പുറത്തിറങ്ങി നടക്കുന്ന കാര്യം അന്വേഷിക്കാൻ പോയതാണെന്നും ഡോക്ടറോട് തട്ടിക്കയറുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നാണ് നഗരസഭ എച്ച്.ഐ പ്രജീഷ് പറയുന്നത്.