കോഴിക്കോട്: പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കുള്ള ഇളവ് ദുരുപയോഗപ്പെടുത്തി ലോക്ക്ഡൗണിനിടെ മത്സ്യ ബന്ധനത്തിനിറങ്ങിയ അഞ്ച് ബോട്ടുകൾ മറൈൻ എൻഫോഴ്‌സ്‌മെന്റ് പിടിപ്പെടുത്തു. പുതിയാപ്പ, കൊയിലാണ്ടി മേഖലകളിൽ നടന്ന പതിവ് പട്രോളിംഗിനിടെ ഇന്നലെ പുലർച്ചെ രണ്ടേമുക്കാലോടെയാണ് ബോട്ടുകൾ പിടികൂടിയത്.
ചൈതന്യ, സുദാം, സീ സ്റ്റാർ, ശ്രീഭദ്ര, അദ്വിക മോൾ എന്നീ ബോട്ടുകളാണ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എൻ. ജുഗ്നുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. മറൈൻ എൻഫോഴ്‌സ്‌മെന്റ് എസ്.ഐ എ.കെ. അനീശൻ, ഗ്രേഡ് എസ്.ഐമാരായ അനിൽകുമാർ, സന്തോഷ്‌കുമാർ, ബിജു, വിചിത്രൻ,ഡ്രൈവർ മുഹമ്മദ് ഷാ, സുരക്ഷാ ഗാർഡുമാരായ താജുദ്ദീൻ, രജേഷ്, ഷൈജു, വിഘ്‌നേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പരമ്പരാഗത തൊഴിലാളികളുടെ ഉപജീവനത്തിന് തടമാകുന്ന മത്സ്യ ബന്ധനത്തിനെതിരെ കർശന നിയമനടപടി തുടരുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.