news

കൊയിലാണ്ടി: ലോക്ക് ഡൗണിനെ തുടർന്ന് പനമ്പട്ട കിട്ടാക്കനിയായതോടെ മലബാറിന്റെ ഗജറാണിയായ കൊയിലാണ്ടി കൊരയങ്ങാട് തെരുവിലെ കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്തിനെ ഊട്ടാൻ ആനപ്രേമികൾ ഓടിയെത്തി. കഴിഞ്ഞ ദിവസം മനയടത്ത് പറമ്പിലെ ആനപ്രേമികളായ യുവാക്കളുടെ കൂട്ടായ്മയാണ് ഒരു ലോഡ് ചക്കയും വാഴത്തണ്ടയും പഴങ്ങളുമെത്തിച്ചത്. പനമ്പട്ട ഏറെ ഇഷ്ടമുള്ള ശ്രീദേവിയ്‌ക്ക് മാറിയ ഭക്ഷണ രീതിയോട് പൊരുത്തപ്പെടുമെന്നാണ്‌ സംരക്ഷകനായ കളിപ്പുരയിൽ രവീന്ദ്രന്റെ വിശ്വാസം.

അതിനിടെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഗജ പരിപാലനത്തേയും സാരമായി ബാധിച്ചു. ആനകൾക്കുള്ള പനമ്പട്ടകളുടെ ദൗർലഭ്യമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ പനമ്പട്ടയുടെ വരവ് തീർത്തും മുടങ്ങുകയായിരുന്നു.

ഉത്സവങ്ങൾക്ക് കടിഞ്ഞാൺ വീണതോടെ മേഖലയിലെ മിക്ക ഗജവീരന്മാരും ആഴ്ചകളായി വിശ്രമത്തിലാണ്. സുലഭമായിരുന്ന പനമ്പട്ട തങ്ങളുടെ 'മെനു"വിൽ നിന്ന് അപ്രത്യക്ഷമായത് ഗജകേസരികളെ അലോസരപ്പെടുത്തുന്നതായി പരിപാലകർ ചൂണ്ടിക്കാട്ടുന്നു. ഇതുകാരണം ചക്ക, നാടൻപഴവർഗങ്ങൾ എന്നിവയിലൂടെ ആനവയർ നിറയ്‌ക്കാനാണ് പരിപാലകരുടെ ശ്രമം.