mala

കോഴിക്കോട്: ആളൊഴിഞ്ഞതോടെ അനക്കമില്ലാത്ത ഉത്സവപ്പറമ്പ് പോലെയാണ് മലബാറിന്റെ സ്വന്തം ഊട്ടിയായ കരിയാത്തുംപാറ. ദിവസവും നൂറുകണക്കിനാളുകൾ എത്തിയിരുന്ന ഇവിടം ഇന്ന് ശൂന്യമാണ്. കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കക്കയത്തിന് സമീപമാണ് കരിയാത്തുംപാറ. നിരവധി സിനിമകൾക്കും സീരിയലുകൾക്കും ആൽബങ്ങൾക്കും ഇവിടം പശ്ചാത്തലമായിട്ടുണ്ട്.
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആളുകൾ കൂടുതലെത്തുന്ന പ്രദേശമാണ് കരിയാത്തുംപാറ. ഉരുളൻ കല്ലുകൾ നിറഞ്ഞ പുഴയും പൈൻ മരങ്ങളും മാനം മുട്ടുന്ന മലകളുമാണ് കരിയാത്തുംപാറയുടെ ഭംഗി ഇരട്ടിപ്പിക്കുന്നത്. സഞ്ചാരികൾക്കായി ഇവിടെ കുതിര സവാരിയും ഒരുക്കിയിട്ടുണ്ട്.

ഊട്ടിയെ വെല്ലുന്ന കാലാവസ്ഥയാണ് കരിയാത്തുംപാറയുടെ മറ്റൊരു പ്രത്യേകത. ഒറ്റയ്‌ക്കാണെങ്കിലും മലിനീകരണം ഒഴിഞ്ഞതോടെ കുറച്ചുകൂടി സുന്ദരിയായിട്ടുണ്ട് ഇവിടം. നഗരത്തിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞു ഒഴിവ് ദിവസം ആസ്വദിക്കാനും ചൂണ്ടയിടാനുമുൾപ്പെടെ നിരവധി വിനോദങ്ങളാണ് സഞ്ചാരികൾക്കായി കരിയാത്തും പാറ കാത്തുവച്ചിരിക്കുന്നത്. ലോക്ക് ഡൗൺ കഴിഞ്ഞ് ജനജീവിതം സാധാരണ നിലയിലാകുന്നതോടെ കരിയാത്തുംപാറ വീണ്ടും സഞ്ചാരിത്തിരക്കിൽ അമരുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.