covid

വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ വീട്ടിലെ 14 പേരുടെയും പരിശോധനാ ഫലം നെഗറ്റീവായി. 14 പേരും നിലവിൽ വടകരയിലെ കോറോണ ഐസൊലൊഷെൻ സെന്ററിലാണ്. സമ്പർക്ക പട്ടികയിലുള്ള അഞ്ച് പേരുടെ ഫലമാണ് ഇനി വരാനുള്ളത്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോവിഡ് സ്ഥിരികരിച്ച ഉടൻ വീട്ടുകാരെയും എെസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയതും, സമ്പർക്ക പട്ടികയിലെ മുഴുവൻ പേരെയും കണ്ടെത്തി സ്രവ പരിശോധന നടത്തിയതും 4, 5 വാർഡുകൾ പൂർണമായും അടച്ചതും രോഗവ്യാപനം തടയുന്നതിന് സഹായിച്ചു. പൊലീസ്, റവന്യൂ വകുപ്പുകളുടെ ചെക്ക് പോസ്റ്റ് ഫലപ്രദമായി പ്രവർത്തിച്ചതിനാൽ മാഹി, ന്യൂ മാഹി എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ സഞ്ചാരം കുറയ്‌ക്കാൻ സാധിച്ചു. വരുംദിവസങ്ങളിലും കർശന നിയന്ത്രണങ്ങളുണ്ടാകുമെന്ന് അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയനും സെക്രട്ടറി ടി. ഷാഹുൽ ഹമീദും അറിയിച്ചു.