കോഴിക്കോട്: കാൻസർ ചികിത്സയ്‌ക്ക് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പോയിരുന്നവർക്ക് കൊവിഡ് ലോക്ക് ഡൗണിൽ ഗവ. ബീച്ച് ആശുപത്രിയിൽ കീമോതെറാപ്പിക്കുള്ള സൗകര്യമൊരുക്കി. എന്നാൽ കീമോയ്‌ക്കുള്ള മരുന്ന് എത്തിയിട്ടില്ല. അതിനു വേണ്ട ഇൻഡന്റ് കെ.എം.എസ്.സി.എല്ലിന് നൽകിയിട്ടുണ്ട്. മരുന്നുമായെത്തുന്നവർക്കാണ് കീമോ ചെയ്യുന്നത്.
യാത്രാ സൗകര്യമില്ലാതെ ചികിത്സ മുടങ്ങിയവർക്ക് മറ്റ് ആശുപത്രികളിൽ ചികിത്സയൊരുക്കാനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്താകെ 21 ആശുപത്രികളിലാണ് ചികിത്സ ലഭ്യമാക്കുന്നത്. ബീച്ച് ആശുപത്രിയിൽ ചികിത്സ തുടങ്ങിയിട്ട് ഒരാഴ്‌ചയായതായി സൂപ്രണ്ട് ഡോ. ഉമർ ഫാറൂഖ് പറഞ്ഞു. മെഡിക്കൽ കോളജ് കോവിഡ് സ്‌പെഷ്യലാക്കിയ ശേഷമാണ് ബീച്ച് ആശുപത്രിയിൽ ചികിത്സ തുടങ്ങിയത്. അടുത്തു തന്നെ മരുന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. കീമോയ്‌ക്ക് വേണ്ട മരുന്ന് വരുന്നതുവരെ മെഡിക്കൽ കോളജിൽ നിന്ന് ലഭ്യമാക്കാനാകുമോ എന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.