മലപ്പുറം: താഴേക്കോട് ഗ്രാമപഞ്ചായത്തുകാർക്ക് വീട്ടിലിരുന്നാൽ രണ്ടുണ്ട് കാര്യം. കൊവിഡിൽ നിന്ന് രക്ഷപ്പെടാം, സ്വർണമടക്കം സമ്മാനങ്ങളും നേടാം. ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ വീട്ടിലിരിക്കൂ, സമ്മാനം നേടൂ പദ്ധതിയുമായി പഞ്ചായത്ത് ഭരണസമിതി രംഗത്തുണ്ട്. ഗോൾഡ് കോയിനാണ് ഒന്നാംസമ്മാനം. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എന്നിവ യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങൾ. നിരവധി പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. സഹകരണ ബാങ്കുകൾ അടക്കമുള്ളവയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി.
ഏപ്രിൽ ഏഴുമുതൽ ലോക്ക് ഡൗൺ അവസാനിക്കുംവരെയുള്ള കാലയളവാണ് പരിഗണിക്കുക. ഒരു കുടുംബത്തിലെ ആരെങ്കിലും പുറത്തിറങ്ങിയാൽ ആ കുടുംബത്തിന് സമ്മാനമുണ്ടാവില്ല. വാർഡുകളിലേക്ക് നിശ്ചയിച്ച മൂന്നംഗ വാളൻഡിയർ ടീം നൽകുന്ന റിപ്പോർട്ടനുസരിച്ചാണ് വീടുകളിൽ സമ്മാനക്കൂപ്പൺ നൽകുക. കൂപ്പണിന് അർഹത നേടുന്ന കുടുംബങ്ങളുടെ ലിസ്റ്റ് വാർഡുതലത്തിൽ പ്രസിദ്ധപ്പെടുത്തും. ശേഷം അന്തിമ ലിസ്റ്റ് തയ്യാറാക്കും. സമ്മാനക്കൂപ്പണുകളുടെ കൗണ്ടർ ഫോയിലുകളിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും.
ടാലന്റ് സർച്ചുമുണ്ട്
മാപ്പിളപ്പാട്ട്, മോണോ ആക്ട്, കഥ, കവിതാ രചന മത്സരങ്ങളും പഞ്ചായത്ത് നടത്തുന്നുണ്ട്. കോവിഡാണ് വിഷയം. മാപ്പിളപ്പാട്ടും മോണോ ആക്ടും വീഡിയോ രൂപത്തിലും രചനാമത്സരങ്ങൾ എ ഫോറിലും പഞ്ചായത്ത് പ്രസിദ്ധീകരിച്ച വാട്സാപ്പ് നമ്പറുകളിൽ അയക്കണം. ആദ്യ മൂന്നു സ്ഥാനക്കാരെ ആദരിക്കും.
ആശുപത്രിയിലേക്കായി പുറത്തിറങ്ങിയാൽ പോലും സമ്മാനപദ്ധതിയിൽ നിന്ന് പുറത്താവും. വീട്ടിൽ തന്നെയിരിക്കുന്നവർക്കേ സമ്മാനം ലഭിക്കൂ. പരമാവധി പേരെ വീട്ടിലിരുത്തുകയാണ് ലക്ഷ്യം.
അബ്ദുൾ നാസർ, താഴേക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്