pinarayi

കോഴിക്കോട്: ദുരന്തത്തിന്റെ മറവിൽ മലയാളികളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ സ്വകാര്യ കമ്പനിയ്ക്ക് കൈമാറിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ആവശ്യപ്പെട്ടു.

സ്‌പ്രിൻക്ളർ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. ഈ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൾ മാനേജിംഗ് ഡയറക്ടറായുള്ള കമ്പനിയായ എക്‌സാലോജിക്കിന് പങ്കുണ്ടെന്ന് ന്യായമായും സംശയിക്കുന്നു. എക്‌സാലോജിക്കിന്റെ വെബ്‌ സൈറ്റ് കഴിഞ്ഞ നാലു ദിവസമായി മരവിപ്പിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന ആവശ്യവുമായി 20ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് യൂത്ത്‌ലീഗ് എല്ലാ കവലകളിലും പന്തം സമരം സംഘടിപ്പിക്കുമെന്ന് ഫിറോസ് പറഞ്ഞു. ഓരോ കേന്ദ്രത്തിലും സാമൂഹിക അകലം പാലിച്ച് അഞ്ച് പേർ വീതമാണ് സമരത്തിൽ പങ്കെടുക്കുക.