കൽപറ്റ: വനം വകുപ്പ് അന്യായമായി പിടിച്ചെടുത്ത കൃഷിഭൂമി തിരികെ ആവശ്യപ്പെട്ടു കാഞ്ഞിരത്തിനാൽ കുടുംബാംഗം കെ.കെ.ജയിംസ് വയനാട് കലക്ടറേറ്റ് പടിക്കൽ നടത്തുന്ന സത്യഗ്രഹം കോവിഡ് കാലത്തും തുടരുന്നു. 2015 ഓഗസ്റ്റ് 15ന് ആരംഭിച്ച സത്യഗ്രഹം ഇന്നലെ 1,709 ദിവസം പിന്നിട്ടു. നീതി നടപ്പിലാകുന്നതുവരെ സമരം തുടരുമെന്നു ജയിംസ് പറഞ്ഞു.
കാഞ്ഞിരങ്ങാട് വില്ലേജിൽ അവകാശപ്പെട്ട 12 ഏക്കർ കൃഷിഭൂമി തിരികെ തരികയോ അല്ലെങ്കിൽ ഭൂമിയുടെ കമ്പോളവില ലഭ്യമാക്കുകയോ ചെയ്യണമെന്ന നിലപാടിലാണ് ജയിംസ് ഉൾപ്പെടെ കാഞ്ഞിരത്തിനാൽ കുടുംബാംഗങ്ങൾ.
കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ടു ജില്ലാ കലക്ടർ ഡോ.അദീല അബ്ദുല്ല ഏപ്രിൽ ആറിനു് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കു റപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
കാഞ്ഞിരത്തിനാൽ ജോസ്, പരേതനായ ജോർജ് എന്നിവർക്കു ജന്മാവകാശമുണ്ടായിരുന്ന 12 ഏക്കർ ഭൂമി സംബന്ധിച്ച 1985 ഫെബ്രുവരി 18ലെ ഫോറസ്റ്റ് ട്രിബ്യൂണൽ വിധിയും ഭൂമി നിക്ഷിപ്തമാക്കി വനം വകുപ്പ് 2013ൽ പുറപ്പെടുവിച്ച വിജ്ഞാപനവും റദ്ദുചെയ്ത് ഭൂമി തിരികെ നൽകണമെന്നാണ് ജയിംസും തോമസും ആവശ്യപ്പട്ടതെന്ന് കലക്ടറുടെ റപ്പോർട്ടിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ഉന്നതതലയോഗത്തിൽ കാഞ്ഞിരത്തിനാൽ കുടുംബത്തിനു തുല്യ അളവിൽ പകരം ഭൂമി നൽകാമെന്ന അഭിപ്രായമാണ് ഉയർന്നത്.
ഭൂമി നിക്ഷിപ്തമാക്കിയതായതിനാൽ റദ്ദാക്കാൻ കഴിയില്ലെന്നാണ് വനം അധികൃതർ അറിയിച്ചത്.
ഇതേത്തുടർന്നാണ് പകരം ഭൂമി വിഷയത്തിൽ കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ അഭിപ്രായം തേടി റപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയത്.
വിജ്ഞാപനം റദ്ദുചെയ്യാൻ കഴിയില്ലെന്ന വനം വകുപ്പിന്റെ വാദം ബാലിശമാണെന്ന നിലപാടിലാണ് കാഞ്ഞിരത്തിനാൽ കുടുംബാംഗങ്ങൾ. വനം വകുപ്പ് നിയമവിരുദ്ധമായാണ് ഭൂമി പിടിച്ചെടുത്തതെന്ന് ഉന്നത ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണങ്ങളിൽ വ്യക്തമായതാണ്. വിജ്ഞാപനം റദ്ദുചെയ്യാൻ കഴിയില്ലെന്ന വാദം ഭൂമി പിടിച്ചെടുത്ത ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിനാണെന്ന് ജയിംസ് പറഞ്ഞു.
പടം
കാഞ്ഞിരത്തിനാൽ കുടുംബാംഗം ജയിംസ് സമരപ്പന്തലിൽ.