പൊന്നാനി: എല്ലില്ലാത്ത നാവുകൊണ്ട് ആരും തന്റെ മുട്ടിൻകാലിന്റെ ബലം അളക്കേണ്ടെന്ന് നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. കെ.എം.ഷാജി എം.എൽ.എ ഉന്നയിച്ച വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എം.എൽ.എമാർക്കെതിരെ കേസെടുത്തു മുന്നോട്ടു പോവണമെങ്കിൽ സ്പീക്കറുടെ അനുമതി വേണം. അന്വേഷണ ഏജൻസി അനുമതി ചോദിക്കുമ്പോൾ പറ്റില്ലെന്നു പറയാനാവുമോ. സ്പീക്കർ പറഞ്ഞിട്ടല്ല വിജിലൻസ് കേസെടുക്കുന്നത്. കേസിന്റെ സ്വഭാവത്തെക്കുറിച്ചോ നടപടിക്രമങ്ങളെ കുറിച്ചോ പരിശോധിക്കേണ്ട ഉത്തരവാദിത്വം സ്പീക്കർക്കില്ല. നിയമത്തെ നിയമത്തിന്റെ വഴിക്ക് പോവാനനുവദിക്കണം. അതിന്റെ പേരിൽ ഇങ്ങനെയൊരു സമീപനം സ്വീകരിക്കുന്നത് ബാലിശവും അപക്വവുമാണ്. സ്പീക്കറുടെ നടപടികളെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ആശാസ്യമല്ല. സഭയോടുള്ള അവഗണനയാണത്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കലല്ല സ്പീക്കറുടെ ജോലി.
കൊണ്ടോട്ടിയിലുണ്ടായിരുന്ന ഏലാന്തി കുഞ്ഞാപ്പ എന്നൊരാൾ തന്നെ ആളുകൾ ശ്രദ്ധിക്കുന്നില്ലെന്നു തോന്നിയാൽ ആദരണീയനായ കൊണ്ടോട്ടി തങ്ങളെ പുളിച്ച തെറി പറയുമായിരുന്നു. അപ്പോൾ ആളുകൾ തടിച്ചുകൂടും. ആരെങ്കിലും ചോദിച്ചാൽ താനും തങ്ങളുമായുള്ള പ്രശ്നത്തിൽ നിങ്ങളെന്തിന് ഇടപെടുന്നു എന്നു ചോദിക്കും. യഥാർത്ഥത്തിൽ അവർ തമ്മിൽ ഒരു പ്രശ്നവുമില്ല. ഏലാന്തി കുഞ്ഞാപ്പയുടെ സമീപനം ആരും സ്വീകരിക്കുന്നത് ശരിയല്ല.- സ്പീക്കർ കൂട്ടിച്ചേർത്തു