covid

കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഏറാമല സ്വദേശിയായ 31-കാരനാണ് രോഗബാധ. മൂന്നു ദിവസത്തിനിടയിൽ നാലു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ഇതിനകം കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇരുപതായി ഉയർന്നു. ഇതിൽ 9 പേർ രോഗമുക്തരായി ആശുപത്രി വിട്ടതാണ്. 11 പേർ ചികിത്സയിൽ തുടരുകയാണ്.

ഏറാമല സ്വദേശിയായ യുവാവ് മാർച്ച് 22 ന് പുലർച്ചെ ദുബായിൽ നിന്ന് ബംഗളൂരു വഴി കണ്ണൂർ എയർപോർട്ടിൽ ഇറങ്ങിയതായിരുന്നു. അവിടെ നിന്ന് ടാക്‌സി വഴി നേരെ പയ്യത്തൂരിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു യുവാവ്. പ്രത്യേകിച്ച് രോഗലക്ഷണമൊന്നുമുണ്ടായിരുന്നില്ല.
ദുബായിൽ ഒപ്പം ജോലി ചെയ്യുന്നവരുടെ സാമ്പിൾ പരിശോധനാഫലം പോസിറ്റീവാണെന്നു വിവരം ലഭിച്ചതിനെ തുടർന്ന് ഏപ്രിൽ 15 ന് ആംബുലൻസിൽ വടകര ആശുപത്രിയിൽ എത്തിച്ച് സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതായിരുന്നു. രോഗബാധ സ്ഥിരീകരിച്ചതോടെ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ നില തൃപ്തികരമാണ്.

ജില്ലയിൽ ഇന്നലെ 1615 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയതായി ഡി.എം.ഒ ഡോ.വി ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പിന്നിട്ടവരുടെ ആകെ എണ്ണം 12,788 ആയി. പുതുതായി വന്ന 6 പേർ ഉൾപ്പെടെ 25 പേരാണ് ആശുപത്രിയിലുള്ളത്. 12 പേരെ ഇന്നലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തു.

ആരോഗ്യവകുപ്പ് ഡയറക്ടർ വീഡിയോ കോൺഫറൻസിംഗിലൂടെ ജില്ലാ കൊറോണ കൺട്രോൾ സെല്ലിന്റെ പ്രവർത്തനം വിലയിരുത്തി. കഴിഞ്ഞ ദിവസം പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത അഴിയൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് തല ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ വീടുകളിലെ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കി. പ്രദേശത്ത് മൈക്ക് പ്രചാരണവും ലഘുലേഖ വിതരണവും നടത്തി.

ജില്ലാ മെഡിക്കൽ ഓഫീസറുടെ അദ്ധ്യക്ഷതയിൽ പ്രോഗ്രാം ഓഫീസർമാരുടെ യോഗം ചേർന്ന് ഓരോ ബ്ലോക്കിലെയും പ്രവർത്തനങ്ങൾ വിലയിരുത്തി. മാനസിക സംഘർഷം കുറയ്ക്കാൻ മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ 17 പേർക്ക് ഇന്നലെ കൗൺസലിംഗ് നൽകി.

ഇന്നലെ ജില്ലയിൽ 3,409 സന്നദ്ധസേന പ്രവർത്തകർ 8,230 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തിയിരുന്നു.