കൊടിയത്തൂർ: കൊവിഡ് ഭീതിയിൽ വിറങ്ങലിച്ചു നിന്ന ഗ്രാമീണർക്ക് ആത്മവിശ്വാസം പകർന്ന ഡോ.മനുലാൽ ഇപ്പോൾ കൊടിയത്തൂരിലെ താരമാണ്. ചെറുവാടി സി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസറായ മനുലാലുമായി ചുള്ളിക്കാപറമ്പിലെ വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ കൊവിഡ് ചോദ്യോത്തര പരിപാടി ഇതിനകം വൈറലായി കഴിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണി മുതൽ പതിനൊന്ന് വരെ നീണ്ടുനിന്ന പരിപാടിയിൽ ചോദ്യങ്ങളുമായെത്തിയ എല്ലാവർക്കും ഡോക്ടർ വിശദമായ മറുപടി നൽകി. കൊടിയത്തൂർ പഞ്ചായത്തുകാരുടെ പ്രിയപ്പെട്ട ഡോക്ടറായ മനുലാൽ കൊവിഡ് വന്നതുമുതൽ രാപ്പകലില്ലാതെ കർമ്മനിരതനാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അദ്ധ്യാപകർക്ക് കൊവിഡ് ബോധവത്ക്കരണ ക്ലാസ് നൽകുന്ന തിരക്കിലായിരുന്നു. ഇപ്പോൾ നാട്ടുകാരെ കൂടാതെ പഞ്ചായത്തിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി ബോധവത്ക്കണവും പരിശോധനയും നിരീക്ഷണവുമായി തിരക്കിലാണ്. പഞ്ചായത്തിൽ നിപ്പ ബാധിച്ച് ഒരാൾ മരിച്ചതിന് ശേഷം ഡോക്ടർ നടത്തിയ സേവനം മുൻനിർത്തി നിരവധി ആദരവും ലഭിച്ചിരുന്നു.