മാനന്തവാടി: മാനന്തവാടി ലക്ഷംവീട്, കണിയാരം ഭാഗങ്ങളിലും മേപ്പാടി മുണ്ടക്കൈ ഭാഗങ്ങളിലും പൂച്ചകൾ കൂട്ടത്തോടെ ചാവാൻ കാരണം പൂച്ചകളെ ബാധിക്കുന്ന ഫിലൈൻ പാർവോ വൈറസ് രോഗം മൂലമാണെന്ന് മൃഗസംരക്ഷണ വകുപ്പ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഡി.രാമചന്ദ്രൻ അറിയിച്ചു. ഇവിടങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ മൃഗസംരക്ഷണ വകുപ്പിന്റെ തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ പരിശോധിച്ചാണ് രോഗം സ്ഥിരീകരിച്ചത്. സ്ഥാപനത്തിൽ നിന്നുള്ളവർ സ്ഥലം സന്ദർശിച്ച് പ്രാഥമിക അന്വേഷണം നടത്തിയാണ് രോഗ നിർണയത്തിനുള്ള സാമ്പിളുകൾ ശേഖരിച്ചത്. വളർത്തു പൂച്ചകൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകി ഈ അസുഖത്തിൽ നിന്ന് സംരക്ഷിക്കാമെന്ന് ചീഫ് വെറ്ററിനറി ഓഫീസർ പറഞ്ഞു.
പ്രദേശത്തുളള പൂച്ചകൾ കൂട്ടത്തോടെ ചാവുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക പടർത്തിയ സാഹചര്യത്തിൽ ജനപ്രതിനിധികൾ മൃഗസംരക്ഷണ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
റേഷൻ വിതരണം ക്രമീകരണങ്ങളായി
കൽപ്പറ്റ: പ്രധാനമന്ത്രി ഗരീബ് കല്ല്യാൺ അന്നയോജന പദ്ധതി പ്രകാരമുളള റേഷൻ അരി വിതരണത്തിനുളള ക്രമീകരണങ്ങളായി. എ.എ.വൈ(മഞ്ഞ) കുടുംബങ്ങൾക്ക് ഏപ്രിൽ 20,21 തിയ്യതികളിലാണ് അരി വിതരണം. (ആ ദിവസങ്ങളിൽ വാങ്ങാൻ സാധിക്കാത്തവർക്ക് ഏപ്രിൽ 30 വരെ വാങ്ങാം). പി.എച്ച്.എച്ച് (പിങ്ക്) കാർഡുടമകൾക്ക് ഏപ്രിൽ 22 മുതൽ 30 വരെ വിതരണം ചെയ്യും. തിരക്ക് കുറയ്ക്കുന്നതിനായി കാർഡ് നമ്പറിന്റെ അവസാന അക്കത്തിനനുസരിച്ചാണ് വിതരണ ദിവസങ്ങൾ ക്രമീകരിച്ചത്. കാർഡ് നമ്പർ 1 ൽ അവസാനിക്കുന്നവയ്ക്ക് ഏപ്രിൽ 22 നും തുടർനമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്ക് ക്രമാനുഗത ദിവസങ്ങളിലുമാണ് വിതരണം. അവസാന നമ്പർ 9 അല്ലെങ്കിൽ 0 ആയ കാർഡുടമകൾക്ക് ഏപ്രിൽ 30 നാണ് വിതരണം. സംസ്ഥാന സർക്കാറിന്റെ സൗജന്യ പലവ്യഞ്ജന കിറ്റുകളും ഇതോടൊപ്പം വിതരണം ചെയ്യും. പദ്ധതി പ്രകാരം അന്ത്യോദയ അന്നയോജന,മുൻഗണനാ കാർഡുടമകൾക്ക് മൂന്ന് മാസത്തേക്ക് ഒരംഗത്തിന് 5 കിലോഗ്രാം വീതം അരി സൗജന്യമായി ലഭിക്കും.
ലോക്ക് ഡൗൺ സാഹചര്യത്തിൽ സ്വന്തം റേഷൻ കാർഡ് രജിസ്റ്റർ ചെയ്ത കടയിൽ നിന്നും സൗജന്യ ഭക്ഷ്യകിറ്റ് വാങ്ങിക്കാൻ സാധിക്കാത്തവർ ബന്ധപ്പെട്ട മെമ്പർ/കൗൺസിലർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഏപ്രിൽ 21ാം തീയ്യതിക്ക് മുമ്പായി ഇപ്പോൾ താമസിക്കുന്ന വിലാസത്തിന് സമീപത്തുളള റേഷൻകടയിൽ സമർപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.