കോഴിക്കോട്: സംഘർഷത്തിനിടെ യുവാവിന്റെ കഴുത്തിൽ തുളച്ചിറങ്ങിയ കത്തി ആറു മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയയിലൂടെ നീക്കി. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ അപകടനില തരണം ചെയ്ത തിരൂർ സ്വദേശി അക്ബർ ബാദുഷയ്ക്ക് (26) ഇത് പുനർജന്മം.
ബാദുഷയുടെ കഴുത്തിന്റെ ഒരു വശത്തുനിന്ന് മറുവശത്തേക്ക് കത്തി കുത്തിയിറങ്ങിയ നിലയിലായിരുന്നു. ശ്വാസനാളം, ഇന്റേണൽ ജുഗുലർ വെയിൻ, കാർട്ടിഡ് ധമനിയുടെ ശാഖകൾ, തൈറോയിഡ് ഗ്രന്ഥി, സ്‌റ്റെർനോക്ലെയ്‌ഡോമസ്‌റ്റോയിഡ്, സ്‌കലെനസ്, പാര വെർട്രിബൽ തുടങ്ങിയ പേശികൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. മുറിവേറ്റ ശ്വാസനാളത്തിലൂടെ രക്തം ശ്വാസകോശത്തിലുമെത്തി. രക്തസമ്മർദ്ദവും പൾസും തീർത്തും താഴ്ന്ന നിലയിലാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി പതിനൊന്നരയോടെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഡോ.കെ. എസ്. കൃഷ്ണകുമാർ (പ്ലാസ്റ്റിക്, വാസ്‌കുലാർ ആൻഡ് ഹാൻഡ് സർജറി വിഭാഗം മേധാവി), ഡോ. മുനീർ (സീനിയർ കൺസൽട്ടന്റ് ഇ.എൻ.ടി) പ്ലാസ്റ്റിക്, വാസ്‌കുലർ ആൻഡ് ഹാൻഡ് സർജറി വിഭാഗം സീനിയർ കൺസൽട്ടന്റുമാരായ ഡോ. സാജു നാരായണൻ, ഡോ. അജിത് പതി, ഡോ. കിഷോർ ആൻഡ് ടീം (അനസ്‌തീഷ്യ) എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
തിരൂരിലെ ഫുട്‌ബാൾ മത്സരത്തെച്ചൊല്ലിയുള്ള വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിലാണ് ബാദുഷയ്ക്ക് കുത്തേറ്റത്.